ആക്രമണം സൂചനമാത്രമാണ്; ഇത് ആസൂത്രിതം തന്നെ; നിയമപരമായി നേരിടുമെന്ന് സംവിധായന്‍ പ്രിയനന്ദനന്‍

ആളുകള്‍ ഓടിവന്നപ്പോഴേക്ക് ഇയാള്‍ രക്ഷപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശൂര്‍: തനിക്കെതിരായ സംഘപരിവാര്‍ ആക്രമണത്തെ നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍. ആക്രമണം ആസൂത്രിതമാണ്, ഒരു സൂചന എന്ന നിലയിലുള്ള ആക്രമണമാണ് നടന്നത്. ഞാന്‍ ദൈവത്തെ തെറിവിളിക്കുകയൊന്നും ചെയ്തില്ല. ഭാഷാപരമായ പ്രയോഗം മാത്രമാണ് നടത്തിയതെന്നും പ്രിയനന്ദനന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പുറത്തേക്ക് പോയി വീട്ടിലേക്ക് തിരിച്ചുവരുമ്പോഴാണ് ഒരാള്‍ അക്രമിച്ചത്. അയ്യപ്പന് എതിരെ പറയാന്‍ നീ ആരെടാ എന്ന് ചോദിച്ച് തലയിലേക്ക് ചാണകവെളളം ഒഴിക്കുകയും ചെവിയുടെ ഭാഗത്തായി അടിക്കുകയുമായിരുന്നു. ആളുകള്‍ ഓടിവന്നപ്പോഴേക്ക് ഇയാള്‍ രക്ഷപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

അക്രമിയെ പരിചയമില്ല. കണ്ടാല്‍ തിരിച്ചറിയും. സ്ഥിരമായി എന്നെ നിരീക്ഷിച്ച് അയാള്‍ അവിടെ നില്‍ക്കാറുണ്ട്. ഇതിന്റെ പിന്നില്‍ കുറേപേരുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ ഭാഷ മോശമെന്ന് തോന്നിയതിനാലാണ് അത് പിന്‍വലിച്ചതെന്നും സംവിധായകന്‍ പറഞ്ഞു.

Exit mobile version