ഏക മകന്റെ ജീവന്‍ നഷ്ടമായി, എന്നാല്‍ അവന്‍ ഇനി മറ്റുള്ളവരിലൂടെ ജീവിക്കും; നെഞ്ചുപൊട്ടുന്ന വേദനയിലും മാതൃകയായി ഈ അച്ഛനമ്മമാര്‍

തിരുവനന്തപുരം: ഇനി എബിയും ഓര്‍മ്മയാകുന്നു.. എന്നാല്‍ ഏകമകന്റെ നഷ്ടം തീരാവേദനയാകുമ്പോള്‍ അവന്‍ പുനര്‍ജനിക്കുന്നു മറ്റുള്ളവരിലൂടെ…

മരണശേഷം എബിയുടെ അവയവങ്ങള്‍ മറ്റുള്ളവരിലൂടെ ജീവിക്കണമെന്ന് ആഗ്രഹിച്ച് ജോര്‍ജ് എന്ന അശോകനും ശ്രീദേവിയും തങ്ങളുടെ പൊന്നോമനയുടെ ആന്തരികാവയവങ്ങള്‍ ആറ് പേര്‍ക്ക് ദാനം ചെയ്തു. ചെമ്പഴന്തി വലിയവിള പുതുവല്‍ പുത്തന്‍ വീട്ടില്‍ അശോകന്റെ ഏകമകനാണ് എബി…

മാര്‍ബസേലിയസ് എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് പാസായ എബി കൂട്ടുകാരന്‍ അഖിലിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കഴിഞ്ഞ 17 നാണ് അപകടത്തില്‍പെട്ടത്. ഇരുവരും ബൈക്കില്‍ സഞ്ചരിക്കവെ പാറോട്ടുകോണം സ്നേഹ ജംഗഷന് സമീപം കമ്പി പൊട്ടി കിടന്ന കേബിളില്‍ അഖിലിന്റെ ഹെല്‍മറ്റ് കുരുങ്ങി തെറിച്ചു വീഴുകയായിരുന്നു. പിന്നിലിരുന്ന എബി ബൈക്കുമായി മുന്നോട്ട് പോയി ഓട്ടോയില്‍ ഇടിച്ചു. എബിക്ക് ബാഹ്യ പരിക്കുകള്‍ ഇല്ലായിരുന്നു. ആന്തരികമായി പിരിക്കേറ്റ എബി രണ്ട് ദിവസം മുമ്പാണ് മസ്തിക മരണത്തിന് കീഴടങ്ങിയത്.

തുടര്‍ന്ന് മാതാപിതാക്കള്‍ അവയവങ്ങള്‍ ദാനം ചെയ്യുകയായിരുന്നു. വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കിംസ് ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കും കരള്‍ കിംസ് ആശുപത്രിയില്‍ കഴിയുന്ന രോഗിക്കും കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്കുമാണ് ദാനം നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ മരണാനന്തര അവയവദാന നോഡല്‍ ഏജന്‍സിയായ കെഎന്‍ഒഎസിന്റെ നേതൃത്വത്തിലാണ് അവയവദാന പ്രക്രിയ ഏകോപിപ്പിച്ചത്.

Exit mobile version