കുഞ്ഞനന്തന് പരോളല്ല, ചികിത്സ നല്‍കൂ; കെകെ രമയുടെ ഹര്‍ജിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായ പികെ കുഞ്ഞനന്തന് പരോള്‍ അനുവദിച്ചതിനെ വിമര്‍ശിച്ച് ഹൈക്കോടതി. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയാണ് കുഞ്ഞനന്തന്‍. ഇദ്ദേഹത്തിന് പരോള്‍ അനുവദിച്ചതില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കോടതി വിശദീകരണം തേടിയിരിക്കുകയാണ്. ടിപി വധക്കേസ് പ്രതി പികെ കുഞ്ഞനന്തന് നിരന്തരം പരോള്‍ അനുവദിക്കുന്നതിനെതിരെ കെകെ രമ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

കുഞ്ഞനന്തന്‍ രോഗിയായതിനാലാണ് പരോള്‍ അനുവദിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. രോഗിയാണെങ്കില്‍ മതിയായ ചികിത്സ നല്‍കുകയാണ് ചെയ്യേണ്ടതെന്നും അല്ലാതെ പരോള്‍ അനുവദിക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. തടവുകാരന് ചികിത്സ നല്‍കേണ്ടത് സര്‍ക്കാരാണെന്നും കോടതി ചൂണ്ടിക്കാട്ടി. പരോള്‍ അനുവദിച്ചതില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

ചികില്‍സയുടെ പേരില്‍ പരോള്‍ നേടുന്ന കുഞ്ഞനന്തന്‍ രാഷ്ട്രീയ യോഗങ്ങളില്‍ പങ്കെടുക്കുന്നതായാണ് രമ ഹരജിയില്‍ ആരോപിച്ചത്.

Exit mobile version