അടിസ്ഥാന സൗകര്യം പോലുമില്ല; വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ ഇന്ന് മുതല്‍ ടോള്‍ പിരിവ്

കാറ്, ജീപ്പ്,വാന്‍ എന്നിവയ്ക്ക് ഒരു വശത്തേക്ക് പോകാന്‍ 45 രൂപയും ഇരുവശത്തേക്കുമായി 70 രൂപയുമാണ് ടോള്‍

കാക്കനാട്: നാഷണല്‍ ഹൈവേ അതോറിറ്റി ഇന്ന് മുതല്‍ കളമശ്ശേരി വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡില്‍ ഇന്ന് മുതല്‍ ടോള്‍ പിരിവ് നടത്തും. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയാണ് ഇക്കാര്യം അറിയിച്ചത്. 2015ല്‍ പൂര്‍ത്തിയായ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡില്‍ പ്രദേശവാസികളുടെ എതിര്‍പ്പുമൂലം ടോള്‍ പിരിവ് ഇതുവരെ തുടങ്ങിയിരുന്നില്ല. കഴിഞ്ഞ ജൂലൈയില്‍ പ്രദേശവാസികളും ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി.

കാറ്, ജീപ്പ്,വാന്‍ എന്നിവയ്ക്ക് ഒരു വശത്തേക്ക് പോകാന്‍ 45 രൂപയും ഇരുവശത്തേക്കുമായി 70 രൂപയുമാണ് ടോള്‍. ലൈറ്റ് കൊമേര്‍ഷ്യല്‍ വാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക് പോകാന്‍ 75 രൂപയും ഇരുവശത്തേക്കുമായി 115 രൂപയുമാണ് ഈടാക്കുക. ബസ്, ട്രക്ക് എന്നിവക്ക് ഇരുവശത്തേക്കുമായി 240 രൂപ നല്‍കണം. അതേ സമയം എറണാകുളം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് ടോള്‍ പിരിവില്‍ ഇളവുണ്ട്.

എന്നാല്‍ റോഡ് പണി പൂര്‍ത്തി ആയെങ്കിലും വഴിവിളക്ക് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യം പോലുമില്ലാത്ത കണ്ടെയ്നര്‍ റോഡില്‍ ടോള്‍ പിരിക്കുന്നതിനോട് യാത്രക്കാര്‍ക്ക് എതിര്‍പ്പാണ്.

Exit mobile version