ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് തെറ്റായ സന്ദേശം നല്‍കി; മഠം രാഷ്ട്രീയത്തിന് അതീതമാകണം; അമൃതാനന്ദമയിയെ വീണ്ടും വിമര്‍ശിച്ച് കോടിയേരി

മാതാ അമൃതാനന്ദമയിയെ വീണ്ടും വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ആര്‍എസ്എസ് സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുത്ത മാതാ അമൃതാനന്ദമയിയെ വീണ്ടും വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ അമൃതാനന്ദമയി പങ്കെടുത്തത് തെറ്റായ സന്ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി വിട്ട് സിപിഎമ്മിനൊപ്പം ചേര്‍ന്നവര്‍ക്ക് നല്‍കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യവേയാണ് കോടിയേരിയുടെ പ്രതികരണം.

മഠം രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണമെന്നും അയ്യപ്പ സംഗമത്തില്‍ സ്വാമി ചിദാനന്ദപുരി നടത്തിയത് കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രസംഗമാണെന്നും കോടിയേരി പറഞ്ഞു.

സന്യാസിമാരെ ഇറക്കി വടക്കേ ഇന്ത്യയില്‍ ആര്‍എസ്എസ് നടത്തുന്ന പരീക്ഷണമാണ് കേരളത്തിലും കൊണ്ട് വരുന്നെന്നതെന്നും കോടിയേരി വിമര്‍ശിക്കുന്നു. കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒത്തുകളിക്കുന്നുവെന്നും കോടിയേരി വിമര്‍ശിച്ചു. ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസല്ലെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മതേതര മുന്നണി അധികാരത്തില്‍ വരുമെന്നും കോടിയേരി പറഞ്ഞു.

കര്‍മ്മ സമിതിയുടെ ശബരിമല പ്രക്ഷോഭത്തെ അമൃതാനന്ദമയി പിന്തുണയ്ക്കുന്നത് യുക്തിരഹിതമാണെന്ന് കോടിയേരി നേരത്തെ വിമര്‍ശിച്ചിരുന്നു.

Exit mobile version