ഭര്‍തൃഗൃഹത്തില്‍ പ്രവേശിപ്പിക്കണം; കനക ദുര്‍ഗ കോടതിയില്‍; വിസമ്മതത്തില്‍ ഉറച്ച് ഭര്‍തൃമാതാവ്

തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പകലും പെരിന്തല്‍മണ്ണയിലെ വണ്‍ സ്‌റ്റോപ് സെന്ററിലായിരുന്നു കനകദുര്‍ഗ.

പെരിന്തല്‍മണ്ണ: ശബരിമലയിലെ ദര്‍ശനത്തിന് പിന്നാലെ അങ്ങാടിപ്പുറത്തെ ഭര്‍തൃഗൃഹത്തില്‍ നിന്നും പുറത്താക്കിയ കനകദുര്‍ഗ കോടതിയ സമീപിച്ചു. ഭര്‍തൃഗൃഹത്തില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കനകദുര്‍ഗ കോടതിയെ സമീപിച്ചിരിക്കുന്നത്. ശബരിമല ദര്‍ശനം കഴിഞ്ഞ് വീ്ടടിലെത്തിയ കനകദുര്‍ഗയ്ക്ക് ഭര്‍തൃമാതാവിന്റെ മര്‍ദ്ദനമേറ്റിരുന്നു. തുടര്‍ന്നാണ് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നിന്നും ഇവര്‍ തിങ്കളാഴ്ച വൈകീട്ടാണ് പെരിന്തല്‍മണ്ണയില്‍ മടങ്ങിയെത്തിയത്.

പോലീസ് സ്‌റ്റേഷനില്‍വെച്ച് സംസാരിച്ചപ്പോള്‍ കനകദുര്‍ഗയെ വീട്ടില്‍ കയറ്റുന്നതില്‍ ഭര്‍ത്താവ് കൃഷ്ണനുണ്ണി വിസമ്മതം അറിയിച്ചിരുന്നു. വീട്ടില്‍ കയറ്റാനായി ചൊവ്വാഴ്ച പെരിന്തല്‍മണ്ണ കോടതിയിലെത്തിയ നിര്‍ദേശം പുലാമന്തോളിലെ ഗ്രാമകോടതിയിലേക്ക് കൈമാറുകയുണ്ടായി. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്, പുലാമന്തോള്‍ ഗ്രാമകോടതിയുടെ പരിധിയിലായതിനാലാണ് കേസ് കൈമാറിത്. കനകദുര്‍ഗയുടെ അപേക്ഷയില്‍ ഗ്രാമകോടതിയാണ് ഇനി തീരുമാനമെടുക്കേണ്ടത്. കോടതി നിര്‍ദേശമനുസരിച്ച് പോലീസ് തുടര്‍നടപടികള്‍ സ്വീകരിക്കും.

തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പകലും പെരിന്തല്‍മണ്ണയിലെ വണ്‍ സ്‌റ്റോപ് സെന്ററിലായിരുന്നു കനകദുര്‍ഗ. പോലീസാണ് ഇവരെ ഇവിടേക്ക് മാറ്റിയത്. സെന്ററിന് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, കനകദുര്‍ഗയെ വീട്ടില്‍ കയറാന്‍ അനുവദിക്കുന്നതിനെതിരെ ഭര്‍തൃമാതാവ് സുമതിയമ്മ ഹൈക്കോടതിയെ സമീപിച്ചതായാണ് വിവരം.

Exit mobile version