50 കഴിഞ്ഞ 17 സ്ത്രീകളും മൂന്ന് പുരുഷന്മാരും..! പിഴവ് സംഭവിച്ചതെങ്ങനെ, അന്വേഷിക്കാനൊരുങ്ങി എഡിജിപി അനില്‍ കാന്ത്

തിരുവനന്തപുരം: ശബരിമലയില്‍ 51 സ്ത്രീകള്‍ കയറിയെന്ന് തെളിയിക്കുന്ന പട്ടിക സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത് വിവാദമായിരുന്നു. പട്ടികയില്‍ 50 കഴിഞ്ഞ 17 സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉള്‍പ്പെടുത്തിയതായി സര്‍ക്കാറും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തെറ്റുകള്‍ തിരുത്തി പുതിയ ലിസ്റ്റ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. അതേസമയം ഈ പിഴവ് എങ്ങനെ സംഭവിച്ചു എന്ന സംശയത്തിലാണ് ഉദ്യോഗസ്ഥര്‍. പിഴവ് അന്വേഷിക്കാന്‍ എഡിജിപി അനില്‍ കാന്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

എത്രപേര്‍ ശബരിമല സന്ദര്‍ശിച്ചു എന്നു കണ്ടെത്താന്‍ നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാറിന് വഴികളില്ലെന്നും ആരോപണം ഉയരുന്നു. എന്തായാലും വിശദ പരിശോധനയ്ക്കു ശേഷം പുതിയ പട്ടിക സര്‍ക്കാര്‍ കോടതിയ്ക്ക് കൈമാറും. പോലീസ് കണക്കിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറും രംഗത്തെത്തി

എന്നാല്‍ പോലീസിനു സംഭവിച്ച പിഴവില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നു സുപ്രീം കോടതിയില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ പറയുന്നു. പിഴവുകളുണ്ടാകാമെന്ന മുന്നറിയിപ്പോടെയാണു പട്ടിക കൈമാറിയതെന്നാണു പോലീസിന്റെ വാദം. കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡും പിഴവിനെതിരെ കൈമലര്‍ത്തിയ സാഹചര്യം ഉണ്ടായിരുന്നു.

Exit mobile version