വിവാഹസത്കാരത്തിനിടെ വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്നു; സിസിടിവി ദൃശ്യങ്ങളിലെ യുവതികളെ തിരഞ്ഞ് പോലീസ്

കാസര്‍ഗോഡ്: വിവാഹസത്കാരത്തിനിടെ വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്ന് സ്ത്രീകള്‍. ചെമ്മട്ടംവയല്‍ സ്വദേശി കമലാക്ഷിയുടെ നാല് പവന്‍ വരുന്ന മാലയാണ് രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് പൊട്ടിച്ചെടുത്തത്.

കഴിഞ്ഞ ശനിയാഴ്ച കാഞ്ഞങ്ങാട് ഐങ്ങോത്തെ ഓഡിറ്റോറിയത്തില്‍ വച്ചാണ് സംഭവം. സദ്യകഴിഞ്ഞ് കൈകഴുകുന്നതിനിടെ രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് കമലാക്ഷിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയായിരുന്നു.

മാല പൊട്ടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. നീല സാരിയും പച്ചയും വെള്ളയും കലര്‍ന്ന ചുരിദാറും ധരിച്ചെത്തിയവരാണ് മോഷണം നടത്തുന്നത്. നേരത്തെ തന്നെ വിവാഹ സത്കാരം നടക്കുന്ന ഓഡിറ്റോറിയത്തിലെത്തിയ ഇവര്‍ പരിസരം നിരീക്ഷിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
കൈകഴുകുന്ന സ്ഥലം പരിശോധിച്ച സംഘം തിരികെ എത്തിയാണ് മാല കവരുന്നത്.

കമലാക്ഷി കൈകഴുകാന്‍ എത്തിയപ്പോള്‍ ചൂരിദാര്‍ ധരിച്ച സ്ത്രീ അവരോട് ചേര്‍ന്ന് നിന്ന് തിക്കി തിരക്കുന്നു. ഇതിനിടയില്‍ പിറകിലൂടെ വന്ന നീല സാരിധരിച്ച സ്ത്രീയാണ് മാലപ്പൊട്ടിച്ചെടുക്കുന്നത്. സാരി കൊണ്ട് കൈമൂടിവെച്ചാണ് മാല പൊട്ടിക്കുന്നത്. പിന്നീട് ഇവര്‍ പടികയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

മാല നഷ്ടപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് പോലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. പിറകില്‍ തമിഴ്‌നാട് സ്വദേശികളാണെന്നാണ് സംശയം. ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version