‘ ഇവനെ പോലെയുള്ള ആളുകളെ പ്രസിഡന്റ് ആക്കരുത് എന്ന് അപേക്ഷിച്ചിട്ടുണ്ട്, അന്ന് ഷാഫി പറമ്പിൽ പുച്ഛിച്ചു ‘, വൈറലായി യൂത്ത് കോണ്‍ഗ്രസ് നേതാവിൻ്റെ കുറിപ്പ്

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന പീഡന പരാതികളില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവും പ്രസാധകയുമായ എം എ ഷഹനാസ് രംഗത്ത്. ഇവനെ പോലെയുള്ള ആളുകളെ പ്രസിഡന്റ് ആക്കരുത് എന്ന് ഞാന്‍ അപേക്ഷിച്ചിട്ടുണ്ട് എന്ന് ഷഹനാസ് പറഞ്ഞു.

ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ഷഹനാസ് ഇക്കാര്യം പറഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തിലിനെ കൊണ്ടുവരുന്ന സമയത്ത് ഷാഫി പറമ്പിലിനോട് ഇവനെ പോലെയുള്ള ആളുകള്‍ വരുമ്പോള്‍ നമ്മുടെയൊക്കെ പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഷഹനാസ് വെളിപ്പെടുത്തി.

എന്നാൽ ആ വാക്കിന് ഒരു വിലയും തന്നില്ല എന്ന് മാത്രമല്ല നിറഞ്ഞ പരിഹാസവും പുച്ഛവും ആയിരുന്നു മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ ഷാഫിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നതെന്ന് ഷഹനാസ് പങ്കുവച്ച കുറിപ്പിൽ ആരോപിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ വീണ്ടും ഒരു പരാതി ഉയര്‍ന്നു വരുമ്പോള്‍ എനിക്ക് മനസാക്ഷി കുത്തൊന്നും ഇല്ല. കാരണമെന്താണെന്ന് അറിയാമോ? പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞു എന്ന സമാധാനം ഉണ്ട്.

യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടായി രാഹുല്‍ മാങ്കൂട്ടത്തിനെ പൊക്കിയെടുത്ത് കൊണ്ടുവന്നു വയ്ക്കുമ്പോള്‍ ബഹുമാനപ്പെട്ട അന്നത്തെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ആയിരുന്ന ഷാഫി പറമ്പില്‍ എം.എല്‍.എ യോട് ഞാന്‍ പറഞ്ഞ ഒരു കാര്യമുണ്ട്.

(തെളിവ് ഉണ്ട് )ഒരുപാട് പെണ്‍കുട്ടികള്‍ക്ക് കടന്നുവരാനുള്ള ഒരു ഇടമാണ് യൂത്ത് കോണ്‍ഗ്രസ് എന്ന് പറയുന്ന സംവിധാനം. അതിന്റെ പ്രസിഡന്റായിട്ട് ഇവനെ പോലെയുള്ള ആളുകള്‍ വരുമ്പോള്‍ നമ്മുടെയൊക്കെ പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുമെന്ന്….

നമ്മുടെയൊക്കെ പെണ്‍കുട്ടികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ഉണ്ടാവണമെങ്കില്‍ ഇവനെ പോലെയുള്ള ആളുകളെ പ്രസിഡണ്ട് ആക്കരുത് എന്ന് ഞാന്‍ അപേക്ഷിച്ചിട്ടുണ്ട്. ആ വാക്കിന് ഒരു വിലയും തന്നില്ല എന്ന് മാത്രമല്ല നിറഞ്ഞ പരിഹാസവും പുച്ഛവും ആയിരുന്നു ഉണ്ടായിരുന്നത്.

അതുകൊണ്ട് തന്നെ പറയാന്‍ ഉള്ളത് പറഞ്ഞില്ല എന്നുള്ള വേവലാതിയോ കുറ്റബോധമോഒന്നും ഈ നിമിഷവും ഇല്ല.ഇന്നും പരാതി ആയിട്ട് വന്നിട്ടുള്ളത് 23 വയസ്സ് ഉള്ള പെണ്‍കുട്ടിയാണ് ആര്‍ക്കെങ്കിലും വേദന തോന്നുന്നുണ്ടോ? ഉണ്ടാവില്ല……എനിക്ക് തോന്നുന്നുണ്ട് കാരണം എന്റെ മകള്‍ക്ക് 21 വയസ്സാണ്…

Exit mobile version