മകരവിളക്കിനും ശബരിമലയില്‍ എത്താനാകില്ല; കെ സുരേന്ദ്രന്റെ ശ്രമം പൊളിഞ്ഞു; ഹര്‍ജി ഇന്നു പരിഗണിക്കില്ലെന്ന് കോടതി

ഇന്ന് പരിഗണിക്കേണ്ട ഹര്‍ജികളുടെ ലിസ്റ്റില്‍ സുരേന്ദ്രന്റെ ഹര്‍ജി

കൊച്ചി: ശബരിമലയില്‍ മകരവിളക്ക് ദിനമായ ഇന്നുതന്നെ എത്താനുള്ള ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ശ്രമത്തിന് തിരിച്ചടി. മകരവിളക്കിന് ശബരിമല ദര്‍ശിക്കാനായി ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണനയ്ക്കെടുത്തില്ല. ഇന്ന് പരിഗണിക്കേണ്ട ഹര്‍ജികളുടെ ലിസ്റ്റില്‍ സുരേന്ദ്രന്റെ ഹര്‍ജി ഉള്‍പ്പെടുത്തിയിട്ടില്ല.

മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന ജാമ്യത്തിലെ വ്യവസ്ഥ ഇളവ് ചെയ്യണമെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

കേസില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പിന്നാലെ, ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്നും സുരേന്ദ്രനെ പമ്പയിലും സന്നിധാനത്തും പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

സന്നിധാനത്ത് പേരക്കുട്ടിയുടെ ചോറൂണിനെത്തിയ തൃശ്ശൂര്‍ സ്വദേശി ലളിതയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലായിരുന്നു സുരേന്ദ്രനെ അറസ്റ്റു ചെയ്തത്.

Exit mobile version