തൃശൂര്‍: ബൈക്കിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. തൃശൂർ ജില്ലയിലെ കൊട്ടേക്കാട് ആണ് സംഭവം. പേരാമംഗലം സ്വദേശി വിഷ്ണു ആണ് മരിച്ചത്.
ഓടിക്കൊണ്ടിരിക്കെ ബൈക്ക് മറിഞ്ഞിരുന്നു. എന്നാൽ
വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീണ്ടും ബൈക്ക് ഓൺ ചെയ്തപ്പോൾ ടാങ്കിൽ നിന്ന് ചോർന്ന ഇന്ധനത്തിന് തീ പിടിക്കുകയായിരുന്നു.
കൊട്ടേക്കാട് പള്ളിയ്ക്ക് മുമ്പിൽ ഇന്നലെ ഒൻപതോടെയാണ് അപകടമുണ്ടായത്. വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിഷ്ണു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കോർപറേഷനിലെ മാലിന്യ സംസ്കരണ പ്ലാൻ്റിൽ താൽക്കാലിക ജീവനക്കാരനായിരുന്നു വിഷ്ണു. തീ പിടുത്തത്തില്‍ ബൈക്ക് പൂർണമായും കത്തി നശിച്ചിരുന്നു.
