പോലീസ് പിഴവ് വിനയായി; കേസെടുത്ത ഉദ്യോഗസ്ഥന്‍, കുറ്റപത്രം സമര്‍പ്പിക്കാന്‍ പാടില്ലെന്ന് നിയമം; 135 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതികള്‍ നൈസായി ‘ഊരി’

135 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ കുറ്റപത്രം റദ്ദാക്കി പ്രതികളെ കോടതി വെറുതെവിട്ടു.

തിരുവനന്തപുരം: സുപ്രീംകോടതി നിര്‍ദേശം മറികടന്ന് കേസെടുത്ത ഉദ്യോഗസ്ഥന്‍ തന്നെ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതോടെ, 135 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ കുറ്റപത്രം റദ്ദാക്കി പ്രതികളെ കോടതി വെറുതെവിട്ടു. 24 വര്‍ഷംവരെ ശിക്ഷകിട്ടാവുന്ന കേസിലെ പ്രതികളാണ് ഇതോടെ ജയില്‍മോചിതരാകുന്നത്. കേസെടുത്ത ഉദ്യോഗസ്ഥന്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പാടില്ലെന്നാണ് സുപ്രീംകോടതി നിര്‍ദേശം.

ഇതോടെ, കേസെടുത്ത തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസിന് പറ്റിയ പിഴവാണ് വമ്പന്‍ കഞ്ചാവ് കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയത്. 2018 ഏപ്രിലിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വളപ്പില്‍നിന്ന് 135 കിലോ കഞ്ചാവുമായി മൂന്നുപേരെ പിടികൂടിയത്. ആന്ധ്രയില്‍നിന്ന് തമിഴ്നാട് വഴി കഞ്ചാവെത്തിച്ച മൂന്നു കാറുകളും പിടിച്ചെടുത്തിരുന്നു. തലസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവുവേട്ടയായിരുന്നു ഇത്.

കേസെടുത്ത മെഡിക്കല്‍ കോളേജ് സിഐ തന്നെ അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയതാണ് തിരിച്ചടിയായത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ നര്‍കോട്ടിക് കേസുകളുടെ അന്വേഷണത്തില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കേസെടുത്ത ഉദ്യോഗസ്ഥന്‍ തുടരന്വേഷണം നടത്തി കുറ്റപത്രം നല്‍കരുതെന്നായിരുന്നു പ്രധാനവ്യവസ്ഥ.

നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് (എന്‍ഡിപിഎസ്) പ്രകാരം പ്രതികളാക്കപ്പെടുന്നവര്‍ക്ക് കടുത്തശിക്ഷ കിട്ടാനിടയുള്ള കേസുകളിലെ അന്വേഷണം സുതാര്യമാക്കാന്‍ വേണ്ടിയായിരുന്നു ഈ ക്രമീകരണം. കേസെടുത്ത ഉദ്യോഗസ്ഥനെക്കാള്‍ ഉയര്‍ന്നറാങ്കിലുള്ള ഉദ്യോഗസ്ഥന്‍വേണം കുറ്റപത്രം സമര്‍പ്പിക്കേണ്ടത്. ഈ വ്യവസ്ഥ പാലിക്കാതെ മെഡിക്കല്‍ കോളേജ് പോലീസ് കുറ്റപത്രം നല്‍കി. പ്രതികള്‍ ഇതു ചൂണ്ടിക്കാട്ടി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചതോടെ കുറ്റപത്രം റദ്ദാക്കുകയായിരുന്നു.

ക്രൈംബ്രാഞ്ച് ഉള്‍പ്പെടെയുള്ള അന്വേഷണ സംവിധാനങ്ങളുള്ളതിനാല്‍ പോലീസിനെ സംബന്ധിച്ചിടത്തോളം അന്വേഷണച്ചുമതല മാറ്റാനാകും. ആദ്യം പിടികൂടിയ മൂന്നുപേരും ദിവസക്കൂലിക്കാര്‍ മാത്രമായിരുന്നു. തുടര്‍ന്നുനടന്ന അന്വേഷണത്തില്‍ സൂത്രധാരകര്‍കൂടി അറസ്റ്റിലായി. ഗുണ്ടാനിയമം ഉള്‍പ്പെടെ ഒട്ടേറെ കേസുകളിലെ പ്രതികളായിരുന്നു ഇവര്‍. എന്നാല്‍ വന്‍പിഴവ് മൂലം, ഇവരെല്ലാം കേസില്‍ നിന്ന് ഒഴിവായിരിക്കുകയാണ്.

Exit mobile version