പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ തിരുവാഭരണ ഘോഷയാത്രയ്ക്ക് വരേണ്ടെന്ന് പോലീസ്! അവര്‍ തന്നെ വരുമെന്ന് പന്തളം കൊട്ടാരം

പന്തളം: ശബരിമലയിലെ തിരുവാഭരണ ഘോഷയാത്രയ്ക്ക് പോലീസ് നിര്‍ദേശിച്ച നിയന്ത്രണങ്ങളെ തള്ളി പന്താളം കൊട്ടാരം. ശബരിമല യുവതീ പ്രവേശത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ തിരുവാഭരണ ഘോഷയാത്രക്ക് വരരുതെന്ന പോലീസ് നിര്‍ദേശമാണ് കൊട്ടാരം തള്ളിക്കളഞ്ഞത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയാണ് ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്കെതിരായ സമരങ്ങളില്‍ സജീവമായി പങ്കെടുത്തവര്‍ തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശം പുറപ്പെടുവിച്ചത്. എന്നാല്‍ കീഴ്വഴക്കം അനുസരിച്ച് തിരുവാഭരണ ഘോഷയാത്ര നടത്താന്‍ പന്തളം കൊട്ടാരം തീരുമാനിക്കുകയായിരുന്നു.

തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കുന്ന പേടകവാഹക സംഘത്തിലെയും പല്ലക്ക് വാഹകസംഘത്തിലെയും ആളുകളുടെ പട്ടിക പതിവുപോലെ കൊട്ടാരം തന്നെ തയ്യാറാക്കി. ഇവരില്‍നിന്ന് കൊട്ടാരം സത്യവാങ്മൂലവും വാങ്ങുമെന്ന് കൊട്ടാരം പ്രതിനിധി അറിയിച്ചു. കൊട്ടാരനിര്‍വാഹക സംഘത്തിന്റെ തീരുമാനത്തെ ദേവസ്വം ബോര്‍ഡും പിന്തുണച്ചിട്ടുണ്ട്.

ഘോഷയാത്രയെ അനുഗമിക്കുന്ന ഭക്തസംഘത്തിലും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും പ്രതിഷേധസമരത്തില്‍ സജീവമായവരും പാടില്ലെന്ന് പോലീസ് നിര്‍ദേശമുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ പോലീസിന് പരിശോധിക്കാമെന്നാണ് കൊട്ടാരത്തിന്റെ നിലപാട്. ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ ഇതുവരെ അപേക്ഷ നല്‍കിയത് 700 പേരാണ്. പോലീസിന്റെ ക്ലിയറന്‍സ് ഇവര്‍ക്ക് ആവശ്യമാണ്. കൂടാതെ ദേവസ്വം ബോര്‍ഡിന്റെ തിരിച്ചറിയല്‍ കാര്‍ഡും ഇവര്‍ക്ക് നല്‍കും.

Exit mobile version