വെന്തുരുകുമ്പോഴും കുളിര്‍മഴ പെയ്യിച്ച് മനുഷ്യത്വം: ട്രെയിന്‍ ക്രോസിങില്‍ പെട്ടപ്പോള്‍ സ്‌കൂട്ടി സ്റ്റാന്‍ഡ് ഇട്ട് തണലിലേക്ക് മാറി പെണ്‍കുട്ടി, സീറ്റ് ചൂടാകാതിരിക്കാന്‍ കരുതലൊരുക്കി ഓട്ടോഡ്രൈവര്‍

പാലക്കാട്: വേനല്‍ച്ചൂടില്‍ വെന്തുരുകുകയാണ് കേരളം. പ്രത്യേകിച്ച് പാലക്കാട് ജില്ലയില്‍ 40 മുകളില്‍ തന്നെയാണ് സൂര്യന്‍ കത്തുന്നത്. ഇനിയും കൂടുമെന്ന അലെര്‍ട്ടുകളാണ് നിറയുന്നത്. പുറത്തേക്കിറങ്ങിയാല്‍ വെന്തുരുകുന്ന കാഴ്ചയാണ്. എന്നാല്‍ ഈ കൊടുംചൂടിലും ചില സ്‌നേഹക്കാഴ്ചകള്‍ കുളിര്‍മഴ പെയ്യിക്കുന്നുണ്ട്. അങ്ങനെയൊരു കാഴ്ചയാണ് സോഷ്യലിടത്ത് നിറയുന്നത്.

പാലക്കാടുനിന്നും കണ്ടൊരു സ്‌നേഹ കാഴ്ച ഡാനിഷ് റിയാസ് എന്ന യുവാവാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഒരു റെയില്‍വേ ക്രോസില്‍ ട്രെയിന്‍ കടന്നുപോകാനായി കാത്തുകിടക്കുന്ന കുറച്ച് വാഹനങ്ങളും മധ്യത്തില്‍ ഒരു സ്‌കൂട്ടറും മാത്രമാണ് ചിത്രത്തില്‍. സൂക്ഷിച്ച് നോക്കിയാല്‍ സ്‌കൂട്ടിറിന്റെ സീറ്റില്‍ ഒരു തുണി വിരിച്ചിട്ടിരിക്കുന്നത് കാണാം. അതിന് പിന്നിലെ സ്‌നേഹത്തെ കുറിച്ച് റിയാസ് കുറിച്ചതിങ്ങനെ,

ഡാനിഷ് റിയാസിന്റെ കുറിപ്പ്:

പകലിലെ കൊടുംചൂടില്‍ ഒരു മനോഹരമായ കാഴ്ച്ചക്ക് സാക്ഷിയായി.
സ്ഥലം, പാലക്കാട് – മലപ്പുറം ജില്ലയുടെ അതിര്‍ത്തിയായ പാലത്തറ ഗേറ്റ്. സമയം ഉച്ചക്ക് 2 മണി. ട്രെയിന്‍ പോകാന്‍ വേണ്ടി ഗേറ്റ് അടച്ചിട്ടിരിക്കുന്നു. പൊള്ളുന്ന വെയിലില്‍ ഒരു പെണ്‍കുട്ടി സ്‌കൂട്ടറില്‍ വന്ന് നിന്നു. തൊട്ടുപുറകില്‍ ഞാന്‍ കാറുമായി വന്ന് നിര്‍ത്തിയിട്ടു. ആ സമയം തന്നെ എന്റെ റൈറ്റ് സൈഡില്‍ ഒരു ഓട്ടോയും വന്ന് നിന്നു.
നിമിഷങ്ങള്‍….
ട്രെയിന്‍ വരാന്‍ ലേറ്റ് ആകും എന്ന് കണ്ട പെണ്‍കുട്ടി സ്‌കൂട്ടര്‍ അവിടെ സ്റ്റാന്‍ഡ് ഇട്ട് വെച്ച്, അപ്പുറം റോഡ് സൈഡിലുള്ള ഒരു ചെറിയ കടയുടെ തണലിലേക്ക് ഇറങ്ങിപ്പോയി നില്‍ക്കുന്നു. കനത്ത ചൂടില്‍ സ്‌കൂട്ടി ആ വെയിലത്ത് ഇരിക്കുന്നത് അതിന്റെ സീറ്റ് ചൂടാകാനും, തിരിച്ച് ആ കുട്ടി വരുമ്പോള്‍, അതിന് ആ സീറ്റില്‍ ഇരിക്കാന്‍ ബുദ്ധിമുട്ടാകും എന്ന് മനസ്സിലാക്കി, ഓട്ടോയിലെ അച്ഛന്റെ പ്രായമുള്ള ആ ഡ്രൈവര്‍ അദ്ദേഹത്തിന്റെ ഓട്ടോയില്‍ നിന്നും ഒരു തോര്‍ത്ത് മുണ്ട് എടുത്ത് സീറ്റില്‍ വിരിച്ചിടുന്നു. അപ്രതീക്ഷിതമായി അതുകണ്ട പെണ്‍കുട്ടി, ആ മനുഷ്യനെ ആദരവാര്‍ന്ന സ്‌നേഹത്തോടെ നോക്കുന്നു, അവര്‍ പരസ്പരം പുഞ്ചിരിക്കുന്നു.

സമയം കടന്ന് പോയി,, ഒടുവില്‍ ചൂളം വിളിച്ച് ട്രെയിനും കടന്ന് പോയി…ട്രെയിന്‍ പോയത് കണ്ട പെണ്‍കുട്ടി വേഗം വന്ന്, തന്റെ സ്‌കൂട്ടിയുടെ സീറ്റില്‍ നിന്നും ആ തോര്‍ത്ത് മുണ്ട് എടുത്ത് വളരെ ഭംഗിയായി നാലാക്കി മടക്കി ആ ഓട്ടോ ഡ്രൈവര്‍ക്ക് കൊടുക്കുന്നു. അതെടുക്കലും മടക്കലും സ്‌നേഹത്തോടെയുള്ള തിരിച്ചു കൊടുക്കലും. ഒരൊറ്റ പെരുമാറ്റത്തിലൂടെ മനുഷ്യര്‍ക്കുള്ളിലെ വ്യക്തിത്വം മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍, അത് വായിച്ചെടുക്കാന്‍ കഴിഞ്ഞ നിമിഷങ്ങള്‍. മിനിറ്റുകള്‍ക്കുള്ളില്‍ നടന്നത്, എവിടെ നിന്നോ വന്ന് എവിടോക്കോ പോകുന്ന അപരിചിതരായ രണ്ട് മനുഷ്യരുടെ ഉപാധികളില്ലാത്ത സ്‌നേഹം, സൗഹൃദം.
ലോകം ഇപ്പോഴും ഇങ്ങനെ ബാക്കി നിക്കുന്നത് ഇജ്ജാതി മനുഷ്യര്‍ ബാക്കിയുള്ളത് കൊണ്ടാവണം. നിങ്ങളില്‍ ചിലര്‍ക്കൊരു പക്ഷേ ഇതത്ര വലിയ കാര്യമായി തോന്നണമെന്നില്ല. എനിക്കെന്തോ വളരെ ഹൃദ്യമായി തോന്നി. ??

Exit mobile version