പെരുമ്പാവൂരില്‍ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് ഓട്ടോയിലും കാറിലും ഇടിച്ചു, ഒരാള്‍ മരിച്ചു, 6 പേര്‍ക്ക് പരിക്ക്

ഇടിയുടെ ആഘാതത്തില്‍ മൂന്ന് വാഹനങ്ങളും തകര്‍ന്നു.

കൊച്ചി: പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മലയാറ്റൂര്‍ സ്വദേശി സദന്‍ (54) ആണ് മരിച്ചത്. യാത്രക്കാരായ അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

എംസി റോഡില്‍ പുല്ലുവഴി വില്ലേജ് ജംഗ്ഷനില്‍ രാവിലെ ആറ് മണിയോടെയാണ് സംഭവം. മൂവാറ്റുപുഴ ഭാഗത്തുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ആളുകളുമായി പോയ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന ഓട്ടോറിക്ഷയിലും കാറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്ന് വാഹനങ്ങളും തകര്‍ന്നു.

അല്ലപ്ര സ്വദേശികളായ സജീവ്, രാജി പ്രദീപ്, മലയാറ്റൂര്‍ സ്വദേശികളായ രാജീവ്, മിനി ഷിബു എന്നിവരെ പരുക്കുകളോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് വയറിനും തലയ്ക്കുമാണ് പരുക്ക്. ഓട്ടോറിക്ഷാ ഡ്രൈവറെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അങ്കമാലി ഭാഗത്ത് നിന്ന് രോഗികളുമായി കോട്ടയത്തേക്ക് പോയതാണ് എതിര്‍ശയില്‍ നിന്ന് വന്ന കാര്‍. ഇതില്‍ ഉണ്ടായിരുന്ന ആളാണ് മരണമടഞ്ഞത്. നാട്ടുകാര്‍ ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്.

Exit mobile version