ഒഴിവുകാലത്തെ കുറുമ്പുകൾ കുറിച്ചിടാൻ! വിദ്യാർത്ഥികൾക്ക് അവരുടെ മുഖചിത്രമുള്ള നോട്ട്ബുക്ക് സമ്മാനിച്ച് വൈശാഖ് മാഷ്; കിടിലൻ സർപ്രൈസിൽ തുള്ളിച്ചാടി കുട്ടികൾ

ഓലാട്ട്: വേനലവധിക്ക് പിരിയുന്നതിന് തൊട്ടുമുൻപ് വിദ്യാർത്ഥികളെ അമ്പരപ്പിച്ചുകൊണ്ട് കിടിലൻ സമ്മാനം നൽകിയിരിക്കുകയാണ് കാസർകോട് ഓലാട്ട് സ്‌കൂളിലെ ഒരു അധ്യാപകൻ. തന്റെ ക്ലാസിലെ വിദ്യാർഥികൾക്ക് അവരുടെ മുഖചിത്രം പ്രിന്റ് ചെയ്ത നോട്ട്ബുക്കാണ് ഓലാട്ട് കെ. കുഞ്ഞിരാമൻ നായർ മെമ്മോറിയൽ എയുപി.സ്‌കൂളിലെ അധ്യാപകൻ വൈശാഖ് കൊടക്കാട് സമ്മാനിച്ചിരിക്കുന്നത്.

തന്റെ ക്ലാസിലെ മുഴുവൻ കുട്ടികൾക്കും മുഖചിത്രമുള്ള നോട്ട് ബുക്ക് സമ്മാനിക്കുന്നതിന്റെ വീഡിയോ അധ്യാപകൻ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് പുറംലോകം ഈ കുഞ്ഞുസന്തോഷം ഏറ്റെടുത്ത്.

അധ്യയനവർഷത്തിന്റെ അവസാന ദിവസമാണ് ഒരു കുഞ്ഞു സർപ്രൈസുണ്ടെന്ന് പറഞ്ഞ് വൈശാഖ് മാഷ് നാല് എ ക്ലാസിലെ കുട്ടികൾക്ക് സമ്മാനപ്പൊതി തുറന്ന് പുസ്തകം സമ്മാനിച്ചത്. കുട്ടികൾ ആരും ഇത്തരത്തിലൊന്ന് പ്രതീക്ഷിച്ചിരുന്നില്ല. ക്ലാസിലെ 38 വേറിട്ട ചിരികൾ പ്രിന്റ് ചെയ്ത നോട്ട് ബുക്കുകൾ കൈയ്യിൽകിട്ടിയപ്പോൾ പൊട്ടിച്ചിരിക്കുകയും നാണിക്കുകയും അമ്പരക്കുകയും ഒക്കെ ചെയ്യുന്ന കുട്ടികളുടെ വീഡിയോ മാഷ് പങ്കിടുകയാണ്.

ജീവിതത്തിലെ മറക്കാനാകാത്ത സമ്മാനാമാണിതെന്നും മരിച്ചാലും ഈ സമ്മാനം മറിക്കില്ലെന്നായിരുന്നു കുട്ടികളിൽ ഒരാളുടെ പ്രതികരണം. അവധിക്കാലത്തെ വിശേഷം ഈ ബുക്കിൽ എഴുതാൻ തീരുമാനിച്ചവരുമുണ്ട്. അതേസമയം ഈ സന്തോഷത്തിനിടയിലും ആ അധ്യയന വർഷത്തോടെ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ പിരിയുന്ന സങ്കടവും കുഞ്ഞുങ്ങൾക്കുണ്ട്.

ALSO READ- റിയാസ് മൗലവി കൊലക്കേസ്: ആർഎസ്എസ് പ്രവർത്തകരായ മൂന്ന് പ്രതികളേയും വെറുതെ വിട്ടു; ഒറ്റവരിയിൽ വിധി പറഞ്ഞ് കാസർകോട് കോടതി

കുട്ടികൾക്ക് ഒരു പുസ്തകം സമ്മാനിക്കണമെന്ന ആഗ്രഹം നേരത്തെയുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് ‘കസ്റ്റമൈസ്ഡ് നോട്ട് പുസ്തകം’ എന്നൊരു ആശയം സാമൂഹികമാധ്യമങ്ങളിൽനിന്ന് ലഭിക്കുന്നതെന്ന് വൈശാഖ് പറയുന്നു.

മാർച്ച് മാസം ആദ്യം, ക്യാമറയുമായി ക്ലാസിലെത്തി കുട്ടികളുടെ ഫോട്ടോ എടുത്തിരുന്നു. വെറുതെ എടുക്കുകയാണ് എന്നായിരുന്നു പറഞ്ഞതെന്നും വൈശാഖ് വെളിപ്പെടുത്തി.

Exit mobile version