വധശ്രമം, കലാപശ്രമം, ഭീഷണിപ്പെടുത്തൽ കേസിന്റെ കെട്ടുമായി കെ സുരേന്ദ്രൻ; പേരിലുള്ളത് 243 ക്രിമിനൽ കേസുകൾ; മൂന്ന് പേജ് മുഴുവൻ പരസ്യം

കോഴിക്കോട്: വയനാട്ടിലെ എൻഡിഎ സ്ഥാനാർഥിയായി ബിജെപി പ്രഖ്യാപിച്ച സംസ്ഥാന അധ്യാക്ഷൻ കെ സുരേന്ദ്രൻ പേരിലുള്ളത് റെക്കോർഡ് കേസുകൾ. 243 ക്രിമിനൽക്കേസുകൾ ആണ് കെ സുരേന്ദ്രന്റെ പേരിലുള്ളത്. വധശ്രമം, കലാപശ്രമം, നിയമവിരുദ്ധമായി സംഘംചേരൽ, ഭീഷണിപ്പെടുത്തൽ, നിരോധനാജ്ഞ ലംഘിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, ഗതാഗതം തടസ്സപ്പെടുത്തൽ, അശ്ലീലപരാമർശം നടത്തൽ തുടങ്ങിയ വിവിധ വകുപ്പുകളിലായാണ് കേസുകൾ.

നാമനിർദേശപത്രിക സമർപ്പിക്കുന്നതിനു മുമ്പുതന്നെ ബിജെപി മുഖപത്രമായ ജന്മഭൂമിയിൽ മൂന്നു മുഴുപേജുകളിലായാണ് സുരേന്ദ്രൻ തന്റെ പേരിലുള്ള കേസുകളുടെ വിവരം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

2019-ലെ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ക്രിമിനൽക്കേസുകളുള്ള സ്ഥാനാർഥി സുരേന്ദ്രനായിരുന്നു. 240 കേസുകളായിരുന്നു കെ സുരേന്ദ്രന്റെ പേരിലുണ്ടായിരുന്നത്. ഇത്തവണ 243 ആയി കേസുകളുടെ എണ്ണം ഉയർന്നു. ഈ റെക്കോർഡ് മറ്റൊരു സ്ഥാനാർഥിയും തകർക്കുമെന്ന് കരുതാനാകില്ല.

കെ സുരേന്ദ്രന്റെ പേരിലുള്ള കേസുകളിൽ മിക്കതും ശബരിമലവിഷയം ഉൾപ്പെടെയുള്ള സമരങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തതാണ്. ദശാബ്ദങ്ങൾനീണ്ട പൊതുപ്രവർത്തനപാരമ്പര്യവും യോഗ്യതയും കണക്കിലെടുത്ത് മികച്ച സ്ഥാനാർഥിയായാണ് സുരേന്ദ്രനെ ബിജെപി കാണുന്നതെന്നും സ്ഥാനാർഥിയായി എന്തുകൊണ്ട് നിർണയിച്ചെന്ന് പരസ്യത്തിനൊപ്പം വ്യക്തമാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ച കോളത്തിൽ പറയുന്നുണ്ട്.

also read-ലോകം പകച്ചുനിന്ന കാലത്തുപോലും കരുത്തും നേതൃപാടവവും തെളിയിച്ച നേതാവ്; ആ പോരാട്ടം മറക്കരുത്; കെകെ ശൈലജയ്ക്കായി വോട്ടഭ്യർത്ഥിച്ച് കമൽഹാസൻ

അതേസമയം, കഴിഞ്ഞതവണത്തെ തിരഞ്ഞെടുപ്പ് മുതലാണ് സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് സ്ഥാനാർഥികൾ സ്വന്തം പേരിലുള്ള കേസുവിവരങ്ങൾ പരസ്യപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചത്.

സ്ഥാനാർഥികളുടെ പേരിലുള്ള ക്രിമിനൽക്കേസുകളുടെ വിവരങ്ങൾ മൂന്നുതവണയായി പ്രസിദ്ധപ്പെടുത്തണം. വിവരങ്ങൾ മറച്ചുവെക്കുന്നത് നിയമനടപടികളിലേക്കു നയിക്കും. മണ്ഡലത്തിൽ പ്രചാരമുള്ള പത്രങ്ങളിലും പ്രധാന ടിവി ചാനലുകളിലും നിശ്ചിതമാതൃകയിലാണ് വിവരങ്ങൾ പരസ്യപ്പെടുത്തേണ്ടത്. പ്രസിദ്ധീകരിച്ച പത്രത്തിന്റെ പകർപ്പ് സ്ഥാനാർഥികൾ പിന്നീട് വരണാധികാരിക്ക് നൽകണം. ഇത് തിരഞ്ഞെടുപ്പുചെലവുകൾക്കൊപ്പം കണക്കാക്കും.

Exit mobile version