അനുജയും ഹാഷിമും അടുത്ത സുഹൃത്തുക്കൾ; ബന്ധുക്കൾ അറിഞ്ഞതോടെ കുടുംബപ്രശ്‌നമായി; ഹാഷിം കാർ ലോറിയിൽ ഇടിപ്പിക്കുന്നതിന്റെ മുൻപ് അനുജ രക്ഷപ്പെടാൻ ശ്രമിച്ചു?

അടൂർ: അടൂരിൽ ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരണപ്പെട്ട സംഭവം ആത്മഹത്യയെന്ന് പോലീസ് നിഗമനം. ജീവനൊടുക്കാനായി ഉറപ്പിച്ച് കാർ ഓടിച്ചിരുന്ന ഹാഷിം ലോറിയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. അപകടത്തിൽ തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ അനുജയും സ്വകാര്യബസ് ഡ്രൈവറായ ഹാഷിമും മരണപ്പെട്ടിരുന്നു.

അനുജയും ഹാഷിമും അടുത്തസുഹൃത്തുക്കളായിരുന്നു എന്നാണ് വിവരം. ഹാഷിമും അനുജയും തമ്മിലുള്ള സൗഹൃദം ബന്ധുക്കൾ അറിയുകയും അത് പിന്നീട് കുടുംബപ്രശ്നങ്ങൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. നൂറനാട് സ്വദേശിനിയാണ് അനുജ. ഹാഷിം ചാരുംമൂട് സ്വദേശിയാണ്.

രാത്രി പത്തരയോടെ അടൂരിൽനിന്ന് പത്തനാപുരത്തേക്കുള്ള വഴിയിലാണ് അപകടം നടന്നത്. അനുജയും ഹാഷിമും സഞ്ചരിച്ചിരുന്ന കാർ പത്തനാപുരം ഭാഗത്തുനിന്നും അമിതവേഗത്തിൽ വന്ന് എതിർദിശയിൽനിന്ന് വരികയായിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. കാർ ഓടിച്ചിരുന്നത് ഹാഷിം ആയിരുന്നു. മുൻസീറ്റിൽ ഇരുന്നിരുന്ന അനുജ, ഇടിയുടെ ആഘാതത്തിൽ പിൻസീറ്റിലേക്ക് തെറിച്ചുവീണു.

അതേസമയം, ഹാഷിമിന്റെ ലക്ഷ്യം മനസിലാക്കിയ അനുജ കാറിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചിരുന്നതായും സൂചനയുണ്ട്. രണ്ട് മൂന്ന് തവണ ഡോർ തുറക്കാൻ അനുജ ശ്രമിച്ചിരുന്നു. ഓടുന്ന കാറിനുള്ളില്‍ മല്‍പ്പിടിത്തം നടന്നിരുന്നുവെന്ന് ദൃക്സാക്ഷിയായ ഗ്രാമപഞ്ചായത്തംഗം ശങ്കര്‍ മാരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.അനുജ താന്‍ ഇരുന്നിരുന്ന വശത്തെ ഡോര്‍ മൂന്ന് തവണ തുറക്കാന്‍ ശ്രമിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ALSO READ- ക്ഷേത്രത്തിലെ ശൂലത്തിൽ തറച്ച നാരങ്ങകൾക്ക് വന്ധ്യത മാറ്റുമെന്ന് വിശ്വാസം; ഒമ്പത് നാരങ്ങ വിറ്റത് രണ്ടര ലക്ഷം രൂപയ്ക്ക്! വാങ്ങാൻ തിരക്ക് കൂട്ടി ജനങ്ങൾ

ഈ അപകടത്തിന് തൊട്ടുമുൻപ് അനുജ സഹപ്രവർത്തകരായ അധ്യാപകർക്കൊപ്പം തിരുവനന്തപുരത്ത് വിനോദയാത്രപോയതായിരുന്നു. ഇവിടെ നിന്നും ട്രാവലറിൽ മടങ്ങുമ്പോഴാണ് കാറിൽ എത്തിയ ഹാഷിം വാഹനം തടഞ്ഞ് അനുജയെ വിളിച്ചിറക്കിയത്. ഏനാത്ത് എത്തിയപ്പോഴായിരുന്നു ട്രാവലറിന് പിന്നാലെ വന്ന ഹാഷിം അനുജയെ ബഹളം വെച്ച് പുറത്തേക്ക് ഇറക്കി കാറിൽ കയറ്റിയത്. ആരാണ് ഇതെന്ന് ചോദിച്ചപ്പോൾ സഹോദരനാണെന്നും കൊച്ചച്ചന്റെ മകനാണെന്നുമായിരുന്നു അനുജ പറഞ്ഞത് സഹപ്രവർത്തകർ പറയുന്നു.

വീട്ടിലേക്ക് എത്തിക്കോളാം എന്നും പറഞ്ഞാണ് അനുജ ഹാഷിമിനൊപ്പം തിരിച്ചത്. ഈ സമയത്ത് അസ്വാഭാവികത തോന്നിയ സഹഅധ്യാപകർ അനുജയുടെ ഭർത്താവിനേയും അച്ഛനേയും വിവരം അറിയിച്ചു. ഇതോടെ അടുത്ത പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കാനും തങ്ങൾ സ്റ്റേഷനിലേക്ക് എത്താമെന്നും അവർ പറഞ്ഞു. തുടർന്ന് ഇവർ നൂറനാട് പോലീസ് സ്റ്റേഷൻ വഴി അടൂർ സ്റ്റേഷനിലേക്ക് വിവരം കൈമാറുകയായിരുന്നു. ഇതേസമയത്താണ് കാർ ലോറിയിലിടിച്ച അപകടവിവരം അറിയുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനുജയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മറ്റ് അധ്യാപകരും ആശുപത്രിയിൽ എത്തിയിരുന്നു.
ALSO READ- കോഴിക്കോടും കാസര്‍കോഡും വന്‍ ലഹരിമരുന്ന് വേട്ട; വില്‍പന നടത്തി ലഭിക്കുന്ന പണം കൊണ്ട് ആര്‍ഭാട ജീവിതം! നാല് യുവാക്കള്‍ അറസ്റ്റില്‍

കോട്ടയത്ത് ലോഡ് ഇറക്കിയ ശേഷം ഹരിയാണയ്ക്ക് പോകാൻ ശിവകാശിയ്ക്ക് പുറപ്പെട്ടതായിരുന്നു ലോറി. പത്തനാപുരം ഭാഗത്തുനിന്ന് തെറ്റായ ദിശയിൽ വന്ന കാർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ലോറി ഡ്രൈവറുടെ മൊഴി.

Exit mobile version