‘ആ പറഞ്ഞ ആളുകളൊക്കെ ബിജെപിയുമായി പലതരത്തിൽ ചർച്ച നടത്തിയവരാണ്, അതൊന്നും ഇപ്പോൾ പറയാനില്ല’; ബിന്ദു കൃഷ്ണയോട് കെ സുരേന്ദ്രൻ

തിരുവനന്തപുരം: പ്രമുഖ കോൺഗ്രസ് നേതാവ് പത്മജാ വേണുഗോപാൽ ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ബിന്ദു കൃഷ്ണ നടത്തിയ പരാമർശത്തോട് പരോക്ഷമായി പ്രതികരിച്ച് കെ സുരേന്ദ്രൻ. പത്മജ ബിജെപിയിൽ പോയത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) ഭയന്നാണെന്നാണ് മഹിളാ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ വിമർശിച്ചത്.

ഇതിന് കെ സുരേന്ദ്രൻ നൽകിയ മറുപടി ഇങ്ങനെ: ‘ആ പറഞ്ഞ ആളുകളൊക്കെ ഇതിന് മുൻപ് ബി.ജെപിയുമായി ചർച്ച നടത്തിയിട്ടുള്ളവരാണ്. ഇപ്പറയുന്ന വലിയ ആവേശം പറയുന്നവരൊക്കെ ഇതിന് മുൻപ് പാർട്ടിയുമായി ചർച്ച നടത്തിയിട്ടുള്ളവരാണ്. ഞാൻ അതേക്കുറിച്ചൊന്നും എന്റെ മാന്യതയ്ക്ക് അനുസരിച്ച് പറയുന്നില്ല.’

ALSO READ- പദ്മജ ബിജെപിയില്‍ പോകുന്നത് ഇഡിയെ ഭയന്നിട്ട്: ബിന്ദു കൃഷ്ണ

‘ഈ പറഞ്ഞ ആളുകളൊക്കെ ആയിട്ട് പല തരത്തിലുള്ള ചർച്ച നടന്നിട്ടുള്ളതാണ്. അതുകൊണ്ട് വെറുതെ ആളുകളെ കബളിപ്പിക്കുന്ന നിലപാട് അവസാനിപ്പിക്കണം.’- -കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, മാനസികമായി മടുത്തെന്നും ഒരുപാട് വേദനകൾക്ക് ശേഷമാണ് ഈ തീരുമാനം എടുത്തതെന്നതാണ് പത്മജയുടെ പ്രതികരണം. പാർട്ടിയിൽനിന്നുള്ള അവഗണന വേദനിപ്പിച്ചെന്നാണ് പത്മജയുടെ വാദം.

Exit mobile version