പദ്മജ ബിജെപിയില്‍ പോകുന്നത് ഇഡിയെ ഭയന്നിട്ട്: ബിന്ദു കൃഷ്ണ

തിരുവനന്തപുരം: ബിജെപിയില്‍ ചേരുന്ന കോണ്‍ഗ്രസ് നേതാവ് പത്മജയെ രൂക്ഷമായി വിമര്‍ശിച്ച് ബിന്ദു കൃഷ്ണ. ഇഡിയെ പേടിച്ചാണ് പത്മജ ബിജെപിയില്‍ ചേര്‍ന്നത്. പത്മജയുടെ ഭര്‍ത്താവിനെ ഇഡി ചോദ്യം ചെയ്തിരുന്നു.

ലീഡറിന്റെ മകള്‍ ബിജെപിയില്‍ പോകുന്നത് ശരിയല്ല. പദ്മജ ബിജെപിയില്‍ പോകുന്നത് ഇഡിയെ ഭയന്നാണ്. പാര്‍ട്ടി അവര്‍ക്ക് എല്ലാ അംഗീകാരവും നല്‍കിയതാണെന്നും ബിന്ദു കൃഷ്ണ കൊല്ലത്ത് പറഞ്ഞു.

അതേസമയം, പത്മജയുടെ ബിജെപി പ്രവേശന വാര്‍ത്തകള്‍ക്കിടെ തൃശൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നു. ഡി.സി.സി പ്രസിഡന്റ് ജോസ് വെള്ളൂര്‍, എ.ഐ.സി.സി അംഗം അനില്‍ അക്കര തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതിനിടെ പത്മജയെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ പാളി.

രാജ്യസഭാ സീറ്റ് നല്‍കാമെന്ന് പറഞ്ഞു പലതവണ പറ്റിച്ചെന്നും ഒഴിവ് വരുന്ന അടുത്ത രാജ്യസഭാ സീറ്റ് ഉറപ്പ് നല്‍കാന്‍ കഴിഞ്ഞില്ലെന്നും പത്മജ നേതാക്കളോട് പറഞ്ഞു. തൃശൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണക്കാരായവരെ ഭാരവാഹിയാക്കിയതിലും പത്മജക്ക് പ്രതിഷേധമുണ്ട്. ഇന്നലെ ബി.ജെ.പി ദേശീയ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയ പത്മജ ഇന്ന് ബി.ജെ.പി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പദ്മജ വിമര്‍ശിച്ച് സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍ എംപിയും രംഗത്തെത്തി. കോണ്‍ഗ്രസ് പാര്‍ട്ടി പത്മജയ്ക്ക് നല്‍കിയത് മുന്തിയ പരിഗണനയാണ്. പത്മജയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും മുരളീധരന്‍ പറഞ്ഞു.

പത്മജയെ എടുത്തതുകൊണ്ട് കാല്‍ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ല. ഈ ചതിക്ക് തെരഞ്ഞെടുപ്പിലൂടെ പകരം ചോദിക്കും. ‘കെ കരുണാകരനെ ചിതയിലേക്ക് എടുത്തപ്പോള്‍ പുതപ്പിച്ച ത്രിവര്‍ണ പതാക ഞങ്ങള്‍ക്കുള്ളതാണ്’. കഷ്ടപ്പാട് അനുഭവിക്കാത്ത മക്കള്‍ക്ക് ഇത്തരം ദുഷ്ടബുദ്ധി തോന്നാം. വര്‍ക്ക് അറ്റ് ഹോം നടത്തുന്ന നേതാക്കള്‍ക്ക് ഇത്രയും സ്ഥാനം കൊടുത്താല്‍ പോരേയെന്ന് മുരളീധരന്‍ ചോദിച്ചു.

Exit mobile version