കൂടെ നിന്നവർ കാലുവാരി; അവഗണനയിൽ വേദനിക്കുന്നത് കണ്ടിട്ടുണ്ട്; നിരുപാധികമായി പത്മജ ബിജെപിയിലേക്ക് എന്ന് ഭർത്താവ് വേണുഗോപാൽ

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുമെന്ന വാർത്ത ശരിയാണെന്ന് ഭർത്താവ് ഡോ.വേണുഗോപാൽ. കോൺഗ്രസ് പാർട്ടിയിൽനിന്നും കിട്ടിയ വലിയ അവഗണനയിൽ പത്മജ വേദനിക്കുന്നത് കണ്ടിട്ടുണ്ടെന്നും തീരുമാനത്തെ പിന്തുണയ്ക്കുമെന്നും വേണുഗോപാൽ പറഞ്ഞു. നിലവിൽ ഡൽഹിയിലുള്ള പത്മജ ഇന്ന്തന്നെ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് വിവരം.

പത്മജ എന്തുതീരുമാനമെടുത്താലും ഞാൻ അതിനെ പിന്തുണക്കാറാണ് പതിവ്. രാഷ്ട്രീയം അവസാനിപ്പിച്ച് വീട്ടിലിരിക്കാനാണ് താൻ പറയാറുള്ളത്. പത്മജയുടെ മനസ്സിലും ഇതുതന്നെയായിരുന്നു. എന്നാൽ, മികച്ച ഒരു അവസരം വന്നപ്പോൾ ശ്രമിച്ചുനോക്കാമെന്ന് വിചാരിച്ചു. പത്മജയുടെ തീരുമാനത്തിന് എല്ലാവിധ പിന്തുണയും ഉണ്ട്. ഭാര്യയുടെ വ്യക്തിപരമായ തീരുമാനങ്ങൾ എതിർക്കാറില്ലെന്നും വേണുഗോപാൽ വിശദമാക്കി.

രാഷ്ട്രീയമായി ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നില്ല. കെ കരുണാകരൻ സ്മാരക നിർമാണം വൈകുന്നതിനും അവർ അസ്വസ്ഥയായിരുന്നു. പലരും അതിന് എതിരുനിന്നു. രാഷ്ട്രീയമാറ്റമെന്ന തീരുമാനം നേരത്തെ ഉണ്ടായിരുന്നില്ലെന്നും വേണുഗോപാൽ പറഞ്ഞു. അതേസമയം, പത്മജ ഒരിക്കലും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.

ALSO READ- വിയര്‍ത്തുകുളിച്ച് കേരളം, ഇന്നും ചൂട് കനക്കും, ഏഴ് ജില്ലകളില്‍ മുന്നറിയിപ്പ്

പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ടിട്ടും വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും അവഗണിക്കപ്പെടുകയാണെന്നും കുറേനാളായി പത്മജ പറയാറുണ്ട്. സർക്കാർ സൗജന്യമായി സ്ഥലം നൽകിയിട്ടും കരുണാകരൻ സ്മാരകം പൂർത്തികരിക്കാനാകാത്തതിൽ ഏറെ വേദനിച്ചിരുന്നു. ഏറെ ബുദ്ധിമുട്ടിയെങ്കിലും നേതൃസ്ഥാനത്തിനായി ഗ്രൂപ്പുകൾ അടിയായി. തൃശൂരിൽ കൂടെനിന്നവർതന്നെ പത്മജയെ തോൽപ്പിച്ചെന്നും വേണുഗോപാൽ ആരോപിക്കുന്നു.


കോൺഗ്രസ് വിട്ടുപോകുകയെന്നത് ആലോചിക്കാൻ പറ്റാത്ത കാര്യമായിരുന്നു. പക്ഷെ വലിയ സമ്മർദ്ദമുണ്ടായപ്പോഴാണ് ഇപ്പോഴത്തെ തീരുമാനം. ബിജെപി നേതാക്കളെ വ്യക്തിപരമായി അറിയാം, രാഷ്ട്രീയ ബന്ധമില്ല. വാഗ്ദാനങ്ങളൊന്നും ഇല്ല, നിരുപാധികമായാണ് ബിജെപിയിലേക്ക് പത്മജ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version