ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയം മാത്രം ലക്ഷ്യം; മുഴുവൻ സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ച് സിപിഎം

തിരുവനന്തപുരം: ഇത്തവണ വടകര തിരിച്ചു പിടിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ. മന്ത്രിയും എംഎൽഎയും ആയിരുന്നപ്പോൾ പ്രവർത്തിച്ചതുപോലെ മുന്നോട്ട് പോകുമെന്നും കെകെ ശൈലജ പ്രതികരിച്ചു.

വടകരയിൽ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യാനുണ്ട്. ആർഎംപിയുടെ പ്രവർത്തനം എൽഡിഎഫിന്റെ ജയത്തെ ബാധിക്കില്ല. എതിരാളി ആരായാലും പ്രശ്‌നം ഇല്ലെന്നും കെകെ ശൈലജ പ്രതികരിച്ചു. പാർട്ടി നിശ്ചയിച്ചാൽ മറ്റ് സംസ്ഥാനങ്ങളിൽ പ്രവർത്തിക്കണം. കേരളത്തിൽ നിന്നും വിട്ടു പോകുന്നില്ല. ഇവിടുത്തെ പ്രവർത്തനങ്ങൾക്കൊപ്പമാണ് അവയും ചെയ്യുന്നതെന്നും കെകെ ശൈലജ വ്യക്തമാക്കി.

താൻ മന്ത്രിയും എംഎൽഎയും ആയിരുന്നപ്പോൾ എങ്ങനെ പ്രവർത്തിച്ചിരുന്നുവോ, അതുപോലെ തന്നെ മുന്നോട്ട് പോകും. യുഡിഎഫിന് വടകരയിൽ വികസനം കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. നിഷ്പക്ഷരായവർ എൽഡിഎഫിനൊപ്പം നിൽക്കും. ജനങ്ങൾ അവസരം തന്നാൽ അവർ നിരാശരാകില്ലെന്നും ശൈലജ പ്രതികരിച്ചു.

ALSO READ- ‘ഗഗൻയാൻ യാത്രികൻ പ്രശാന്ത് ബി നായർ തന്റെ ജീവിതപങ്കാളി’; ഒടുവിൽ വിവാഹവാർത്ത പുറത്തുവിട്ട് നടി ലെന

ഇന്ന് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികളെ പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രഖ്യാപിച്ചിരുന്നു. എൽഡിഎഫിൽ സിപിഎമ്മിനുള്ള 15 സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ പട്ടികയാണ് എകെജി സെന്ററിൽ വെച്ച് നടത്തിയ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

സ്ഥാനാർത്ഥി പട്ടിക:

ആറ്റിങ്ങൽ-വി ജോയ്, നിലവിൽ വർക്കല എംഎൽഎ പാർട്ടി ജില്ലാ സെക്രട്ടറി.

കൊല്ലം- എം മുകേഷ്, നിലവിൽ കൊല്ലം എംഎൽഎ.

പത്തനംതിട്ട- തോമസ് ഐസക്. മുൻ മന്ത്രിയും പാർട്ടി കേന്ദ്രകമ്മിറ്റി അംഗവുമാണ്.

ആലപ്പുഴ- എഎം ആരിഫ്, നിലവിൽ കേരളത്തിൽ നിന്നുള്ള സിപിഎം എംപി

ഇടുക്കി- എംപി ജോയ്സ് ജോർജ്, മുൻ എംപി.

എറണാകുളം- കെജെ ഷൈൻ- കെഎസ്ടിഎ നേതാവും പറവൂർ നഗരസഭാംഗവുമാണ്

ചാലക്കുടി- സി രവീന്ദ്രനാഥ്. മുൻ മന്ത്രി, മൂന്നു തവണ എംഎൽഎ.

പാലക്കാട്- എ വിജയരാഘവൻ. പൊളിറ്റ് ബ്യൂറോ അംഗവും മുൻ എംപിയും പാർട്ടി മുൻ സംസ്ഥാന സെക്രട്ടറി.

ആലത്തൂർ- കെ രാധാകൃഷ്ണൻ- നിലവിൽ മന്ത്രിയും ചേലക്കര എംഎൽഎയും പാർട്ടി കേന്ദ്രകമ്മിറ്റി അംഗവുമാണ്

പൊന്നാനി- സിപിഎം സ്വതന്ത്രനായി കെ എസ് ഹംസ, മുസ്ലിം ലീഗിന്റെ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു.

മലപ്പുറം- വി വസീഫ്, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്.

കോഴിക്കോട്- എളമരം കരീം. നിലവിൽ രാജ്യസഭാ എംപി. മുൻ മന്ത്രിയും സിഐടിയും സംസ്ഥാന സെക്രട്ടറിയുമാണ്.

വടകര- കെകെ ശൈലജ. നിലവിൽ മട്ടന്നൂർ എംഎൽഎ മുൻ മന്ത്രിയും പാർട്ടി കേന്ദ്രകമ്മിറ്റി അംഗവുമാണ്

കണ്ണൂർ- എം.വി ജയരാജൻ, മുൻ എംഎൽഎ നിലവിൽ പാർട്ടി ജില്ലാ സെക്രട്ടറിയാണ്

കാസർകോട്- എംവി ബാലകൃഷ്ണൻ. നിലവിൽ പാർട്ടി ജില്ലാ സെക്രട്ടറിയാണ്. ലോക്‌സഭയിലേക്ക് കന്നിയങ്കം.

Exit mobile version