മിഷന്‍ ബേലൂര്‍ മഖ്‌ന അഞ്ചാംദിവസത്തില്‍, കാട്ടാനയെ പിടികൂടാനാവാതെ ദൗത്യസംഘം

മാനന്തവാടി: വയനാട്ടില്‍ മിഷന്‍ ബേലൂര്‍ മഖ്‌ന അഞ്ചാംദിവസത്തില്‍. ഒടുവില്‍ ലഭിച്ച റേഡിയോ കോളര്‍ സിഗ്‌നല്‍ പ്രകാരം ആന കാട്ടിക്കുളം പനവല്ലി റോഡിലെ മാനിവയല്‍ പ്രദേശത്തെ വനത്തിലാണുള്ളത്.

കഴിഞ്ഞ ദിവസം രാത്രി തോല്‍പ്പെട്ടി – ബേഗൂര്‍ റോഡ് മുറിച്ചുകടന്നാണ് ഈ പ്രദേശത്തേക്ക് എത്തിയത്. കഴിഞ്ഞ ദിവസം രാത്രിയില്‍ തന്നെ ഈ മേഖലയിലുള്ളവരോട് ജാഗ്രത പാലിക്കണമെന്ന് വനപാലകര്‍ അറിയിച്ചിരുന്നു.

also read:നാളെ ഭാരത ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍, രാജ്ഭവനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം

കൂടാതെ കാട്ടാന ജനവാസപ്രദേശങ്ങളിലേക്ക് എത്താതിരിക്കാനുള്ള മുന്‍കരുതലും ഒരുക്കിയിരുന്നു. ആദ്യ ദിവസങ്ങളില്‍ ആന നിലയുറപ്പിച്ച മണ്ണുണ്ടി, ഇരുമ്പുപാലം പ്രദേശങ്ങളോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമാണ് മാനിവയല്‍.

മണ്ണുണ്ടി മുതല്‍ മാനിവയല്‍ വരെ എട്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വനപ്രദേശത്ത് തന്നെയാണ് ആന ഇതുവരെയും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എന്ത് പ്രതിസന്ധികള്‍ നേരിട്ടാലും ആനയെ വരുതിയിലാക്കുമെന്ന ആത്മവിശ്വാസത്തോടെ തന്നെയാണ് ദൗത്യസംഘം മുന്നോട്ടുപോകുന്നത്.

Exit mobile version