ചുറ്റും വീടുകൾ, തിങ്ങിനിറഞ്ഞ് ജനങ്ങൾ; തൃപ്പൂണിത്തുറയിലെ പടക്കപ്പുര പ്രവർത്തിച്ചത് അനുമതിയില്ലാതെ: അഗ്നിരക്ഷാസേന

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ ഒരാളുടെ ജീവന്‍ അപഹരിക്കുകയും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനമുണ്ടായ പടക്കശേഖരണശാലയ്ക്ക് പ്രവര്‍ത്തനാനുമതി ഇല്ലെന്ന് അഗ്‌നിരക്ഷാസേന. അനധികൃതമായാണ് വെടിപ്പുര പ്രവര്‍ത്തിച്ചിരുന്നതെന്നും, വീടുകള്‍ തിങ്ങിനിറഞ്ഞ ഇത്തരം മേഖലകളില്‍ പടക്കക്കടയോ പടക്കനിര്‍മാണശാലകളോ പടക്കശേഖരണശാലകളോ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് നിയമമെന്നും തൃപ്പൂണിത്തുറ ഫയര്‍ ആന്റ് റെസ്‌ക്യു അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു.

സ്‌ഫോടനത്തില്‍ രണ്ട് വാഹനങ്ങള്‍ കത്തിനശിക്കുകയും സമീപത്തെ 25-ഓളം വീടുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ പറ്റുകയും ചെയ്തിട്ടുണ്ട്. ‘സ്ഫോടനം നടന്ന സ്ഥലത്തിന് അരകിലോമീറ്റര്‍ അകലെയാണ് അഗ്‌നിരക്ഷാസേനയുടെ ഓഫീസുള്ളത്. സ്ഫോടനശബ്ദം കേട്ടയുടന്‍ ഉദ്യോഗസ്ഥരുമായി സംഭവസ്ഥലത്തേക്ക് പുറപ്പെടുകയായിരുന്നു.’

‘ശബ്ദംകേട്ട ഭാഗത്തേക്കാണ് വണ്ടിവിട്ടത്. സംഭവസ്ഥലത്ത് എത്തുമ്പോള്‍ തീ സമീപത്തെ കടകളിലേക്കും പടര്‍ന്ന അവസ്ഥയിലായിരുന്നു’, -രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വംനല്‍കിയ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വിശദീകരിച്ചതിങ്ങനെ.

തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കം ശേഖരിച്ചുവെച്ച കെട്ടിടത്തിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടികളടക്കം 16 പേര്‍ക്ക് പരിക്കേറ്റിട്ടതായാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രോത്സവത്തിനായി എത്തിച്ച പടക്കത്തിന് തീപിടിച്ചാണ് സ്ഫോടനം ഉണ്ടായത്.

ALSO READ- തൃപ്പൂണിത്തുറയിലെ പടക്ക കടയിലെ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍; നിരവധിപേര്‍ക്ക് പരിക്ക്

പാലക്കാട് നിന്ന് കൊണ്ടുവന്ന പടക്കം ടെമ്പോ ട്രാവലറില്‍നിന്ന് ഇറക്കി അടുത്തുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.ഈ സ്ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ 400 മീറ്റര്‍വരെ അകലേക്ക് തെറിച്ചുവീണു. സമീപത്തെ വീടുകളിലേക്കും പതിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഇരുപതോളം വീടുകള്‍ക്ക് കേടുപാടുകളും പറ്റി.

സമീപത്തെ രണ്ട് വാഹനങ്ങള്‍ കത്തിനശിച്ചതായും റിപ്പോര്‍ട്ടുണ്ട്. നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറും കാറും പൂര്‍ണമായും കത്തി നശിച്ചു. ടെമ്പോ ട്രാവലര്‍ ജീവനക്കാരായ മൂന്ന് പേര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആറുയൂണിറ്റ് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തീ പടരുന്നത് നിയന്ത്രണവിധേയമാക്കിയത്.

Exit mobile version