തണ്ണീര്‍ കൊമ്പന്റെ മരണ കാരണം ഹൃദയവും ശ്വാസകോശവും ഒരുമിച്ച് നിലച്ചത്: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മാനന്തവാടി: മാനന്തവാടിയില്‍ നിന്ന് പിടികൂടി ബന്ദിപൂരിലെത്തിച്ച തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം ഒരുമിച്ച് നിലച്ചു. ഞരമ്പുകളില്‍ കൊഴുപ്പ് അടിഞ്ഞു കൂടിയിരുന്നു. ഇടതു തുടയിലുണ്ടായിരുന്ന മുറിവ് പഴുത്ത് ആന്തരിക ആവയവങ്ങളിലേക്ക് പടര്‍ന്നതും മരണകാരണമായി. ഇന്നലെ മാനന്തവാടിയില്‍ നിന്ന് പിടികൂടി ബന്ദിപൂരിലെ രാമപുരയിലെത്തിച്ച തണ്ണീര്‍ കൊമ്പന്‍ ഇന്ന് പുലര്‍ച്ചെയാണ് ചരിഞ്ഞത്.

ആനയുടെ ശരീരത്തില്‍ മുറിവ് ഉണ്ടായിരുന്നു. ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായിരുന്നു. ആനയുടെ പിന്‍ കാലിലെ മുഴയില്‍ പഴുപ്പ് നിറഞ്ഞിരുന്നു എന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മയക്കുവെടിക്ക് ശേഷം പടക്കം പൊട്ടിച്ചതും ആള്‍ക്കൂട്ടവും പടക്കത്തിന്റ ശബ്ദവും ആനയെ പരിഭ്രാന്തനാക്കിയെന്നാണ് കര്‍ണാടക വനംവകുപ്പ് പറയുന്നത്. ആനയ്ക്ക് സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള കഴിവ് ഇല്ലായിരുന്നു എന്നും അവര്‍ പറയുന്നു.

ബന്ദിപ്പൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ രാമപുര ബേസ് ക്യാമ്പിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്. ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്മോര്‍ട്ടം. കര്‍ണാടക വെറ്റിനറി സര്‍ജന്മാരുടെ സംഘം ബന്ദിപ്പൂരിലെത്തിയിരുന്നു. കേരളത്തില്‍ നിന്നുള്ള 5 അംഗ വിദഗ്ദ സംഘവും എത്തിയിരുന്നു. കര്‍ണാടക വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ വസീം മിര്‍ജായുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്.

Exit mobile version