ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ റോഡില്‍ ഇറങ്ങി, സ്വകാര്യ ബസ് കണ്ടക്ടര്‍ ലോറിയിടിച്ചു മരിച്ചു

അരീക്കോട്ടുനിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ ആണ് ജംഷീര്‍.

മലപ്പുറം: മഞ്ചേരി നെല്ലിപ്പറമ്പില്‍ ഗതാഗതക്കുരുക്ക് തീര്‍ക്കാന്‍ റോഡില്‍ ഇറങ്ങിയ സ്വകാര്യ ബസ് കണ്ടക്ടര്‍ ലോറിയിടിച്ചു മരിച്ചു. മുട്ടിപ്പാലം ഉള്ളാടംകുന്ന് തറമണ്ണില്‍ അബ്ദുല്‍ കരീമിന്റെ മകന്‍ ജംഷീര്‍ (39) ആണ് മരിച്ചത്. നെല്ലിപ്പറമ്പ്- അരീക്കോട് റോഡില്‍ ഇന്നലെ വൈകീട്ടാണ് ദാരുണ സംഭവം ഉണ്ടായത്. അരീക്കോട്ടുനിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ ആണ് ജംഷീര്‍.

ഗതാഗത കുരുക്കിനെ തുടര്‍ന്ന് ബസില്‍ നിന്ന് ഇറങ്ങിയ ജംഷീര്‍, ബസിന് എതിരെ വന്ന ലോറി സൈഡിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. ഇത് വാക്കേറ്റത്തിനിടയാക്കി. ഇതിനിടെ ഡ്രൈവര്‍ ലോറി മുന്നോട്ട് എടുത്തപ്പോള്‍ ലോറിക്കും ബസിനുമിടയില്‍ പെട്ട് ജംഷീര്‍ മരിക്കുകയായിരുന്നു.

ഉടന്‍ തന്നെ ജംഷീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജംഷീറിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ALSO READ കണ്ണീരടക്കാനാവാതെ വിജയ്, വിജയകാന്തിനെ അവസാനമായി ഒരുനോക്ക് കാണാനെത്തി താരം

അതേസമയം, ലോറി ഡ്രൈവര്‍ തൃക്കലങ്ങോട് പുളഞ്ചേരി അബ്ദുല്‍ അസീസിനെ(33) പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശ്രദ്ധമായി വാഹനമോടിച്ചതിന് ഇയാള്‍ക്കെതിരെ കേസ് എടുത്തതായി പോലീസ് അറിയിച്ചു.

Exit mobile version