വിദ്യയുടെ കൈകള്‍ ഇനി തളരില്ല…മുറിച്ചിട്ടാല്‍ മുറിവൂറുന്ന കഥകളിലെ ചെപ്പടിവിദ്യ; അതിജീവനത്തിന് കൈയ്യടി

കോട്ടയം: ഈ കൈകള്‍ ഇനി തളരില്ല…മുറിച്ചിട്ടാല്‍ മുറിവൂറുന്ന ചെപ്പടി വിദ്യകള്‍ കഥകളില്‍ വിദ്യ വായിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലും അത് അക്ഷരാര്‍ഥത്തില്‍ യാഥാര്‍ഥ്യമായിരിക്കുകയാണെന്ന് പത്തനംതിട്ട കലഞ്ഞൂരിലെ വിദ്യ പറയുന്നു. വിദ്യയുടെ അതിജീവനത്തെ കുറിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് കുറിച്ചതിങ്ങനെ,

ഭര്‍ത്താവിന്റെ അതിക്രൂരമായ ആക്രമണത്തില്‍ അറ്റുപോയ ഇടത് കൈ തുന്നിച്ചേര്‍ത്ത് പഴയ രീതിയില്‍ തന്നെയായതിന്റെ സന്തോഷത്തിലാണ് വിദ്യയുള്ളത്. വന്‍ ചിലവ് വരുന്ന സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ സൗജന്യമായി നടന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു.

കൈ രണ്ടായി മുറിഞ്ഞുപോയ രാത്രിയില്‍ സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ ആവശ്യപ്പെട്ടയിടത്താണ് സാമ്പത്തിക ചെലവില്ലാതെ സര്‍ക്കാര്‍ സംവിധാനത്തില്‍ ഈ ശസ്ത്രക്രിയകള്‍ സാധ്യമാക്കിയത്. ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ കൈവരിച്ച അതിവിപുലമായ വികസനത്തിന്റെ ഏറ്റവും നല്ല തെളിവാണ് താന്‍ എന്ന് മുറിപ്പാടുകള്‍ മാഞ്ഞ് തുടങ്ങിയ ഇടത് കൈ തടവി വിദ്യ പറയുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 48 ദിവസമാണ് കലഞ്ഞൂര്‍ ചാവടിമലയില്‍ വിദ്യ കഴിഞ്ഞത്. 2022 സെപ്തംബര്‍ 17നാണ് വിവാഹ മോചനക്കേസ് നടക്കുന്നതിനിടെ ഭര്‍ത്താവ് സന്തോഷ് രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി വിദ്യയെയും അച്ഛന്‍ വിജയനെയും ആക്രമിച്ചത്.

പത്തനംതിട്ടയില്‍ നടക്കുന്ന നവകേരള സദസ്സ് വേദിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിച്ചത് വിദ്യയായിരുന്നു. മുഖ്യമന്ത്രിയ്ക്ക് മൂലൂരിന്റെയും ബെന്യാമിന്റെയും ഒക്കെ പുസ്തകങ്ങള്‍ നല്‍കിയാണ് വിദ്യ സ്വീകരിച്ചത്.

Exit mobile version