കളമശ്ശേരി സ്‌ഫോടനം: 4 പേരുടെ നില അതീവഗുരുതരം; പരിക്കേറ്റവരെ സന്ദര്‍ശിച്ച് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും

കൊച്ചി: കേരളത്തെ ഞെട്ടിച്ച കളമശ്ശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജും. വിവിധ ആശുപത്രികളിലായി 17 പേര്‍ ചികിത്സയിലാണ്. 4 പേരുടെ നില അതീവ ഗുരുതരമാണ്. ഇതില്‍ 2 പേര്‍ വെന്റിലേറ്ററിലാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

മരിച്ച കുട്ടിയുടെ അമ്മയും സഹോദരനും ഗുരുതരാവസ്ഥയിലാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സഹോദരന് 60 ശതമാനവും അമ്മക്ക് 50 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. സംഭവ സ്ഥലത്ത് കൊല്ലപ്പെട്ട സ്ത്രീയുടെ ഡിഎന്‍എ പരിശോധന നടത്തും. മൂന്ന് മൃതദേഹങ്ങളുടേയും പോസ്റ്റ്‌മോര്‍ട്ടം ഒരേസമയം നടക്കും. ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്.

അതേസമയം, കളമശ്ശേരി സ്‌ഫോടന കേസില്‍ കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്‍ കൊച്ചിയിലെ തമ്മനത്തെ വീട്ടില്‍ വച്ച് തന്നെയാണ് സ്‌ഫോടക വസ്തു തയ്യാറാക്കിയതെന്ന് പോലീസ് പറയുന്നു. വീട്ടില്‍ രണ്ട് മുറിയാണ് ഉള്ളത്. ഒരു മുറിയില്‍ ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്കാണ് കിടക്കുന്നത്. ആ മുറിയില്‍ വച്ചാണ് ബോംബ് നിര്‍മിച്ചതെന്നാണ് നിഗമനം. ഡൊമിനികിന്റെ ഭാര്യയും മകളും മറ്റൊരു മുറിയിലാണ് കിടക്കുന്നത്.

ഫോര്‍മാനായ ഡൊമിനിക് മാര്‍ട്ടിന് സാങ്കേതിക അറിവുണ്ട്. സ്‌ഫോടനം നടത്തിയതിന്റെ തലേന്ന് ഡൊമിനിക് ബോംബ് നിര്‍മിച്ചു എന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ യൂട്യൂബ് നോക്കിയാണ് താന്‍ പഠിച്ചതെന്ന് ഡൊമിനിക് പോലീസിനോട് പറഞ്ഞു. ഡൊമിനികിന്റെ യുട്യൂബ് ലോഗ് ഇന്‍ പോലീസ് പരിശോധിക്കുന്നുണ്ട്.

ഇയാള്‍ക്ക് ബോംബ് നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ എവിടെ നിന്ന് ലഭിച്ചു എന്നത് ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ട്. ഡൊമിനിക് മാര്‍ട്ടിനെ ഇന്ന് തെളിവെടുപ്പിനായി സംഭവ സ്ഥലത്തേക്ക് കൊണ്ടുവന്നേക്കും.

Exit mobile version