അമ്മയുടെ അന്ത്യചുംബനം കിട്ടിയില്ല: കുഞ്ഞ് ലിബിനയ്ക്ക് യാത്രാമൊഴിയേകി പ്രിയപ്പെട്ടവരും ജന്മനാടും

കൊച്ചി: അമ്മയെ അവസാനമായി ഒരു നോക്ക് കാണാതെ കുഞ്ഞ് ലിബിന യാത്രയായി. തണുത്തുറഞ്ഞ് ശരീരവുമായി ബന്ധുക്കള്‍ അഞ്ച് ദിവസം കാത്തിരുന്നു. എന്നാല്‍ ചികിത്സയിലുള്ള അമ്മയ്ക്ക് വരാനായില്ല. കളമശേരി സ്‌ഫോടനത്തിലെ കുഞ്ഞു രക്തസാക്ഷി അമ്മയെയും സഹോദരങ്ങളെയും കാണാതെ മടങ്ങി. കളമശേരി ബോംബ് സ്ഫോടനത്തില്‍ മരിച്ച മലയാറ്റൂര്‍ സ്വദേശി 12 വയസുകാരി ലിബിനയ്ക്ക് നാടിന്റെ യാത്രാമൊഴിയേകി. മൃതദേഹം തൃശൂര്‍ കൊരട്ടിയിലെ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയില്‍ സംസ്‌കരിച്ചു. കളമശ്ശേരി ബോംബ് സ്‌ഫോടനത്തില്‍ 95% പൊള്ളലേറ്റ ലിബ്‌ന 30ന് പുലര്‍ച്ചെയാണ് മരണത്തിനു കീഴടങ്ങിയത്.

വ്യാഴാഴ്ച വരെ ബസില്‍ സ്‌കൂളിലെത്തിയിരുന്ന ഏഴാം ക്ലാസുകാരിയായ ലിബ്‌ന ഇന്നലെ അവസാനമായി പ്രിയ കൂട്ടുകാരെ കാണാന്‍ എത്തി, ആംബുലന്‍സില്‍ ചലനമറ്റ്. ലിബ്‌ന പഠിച്ചിരുന്ന മലയാറ്റൂര്‍ നീലീശ്വരം എസ് എന്‍ ഡി പി സ്‌കൂളിലേക്ക് രാവിലെ 10.30 യോടെയാണ് മൃതദേഹമെത്തിച്ചത്. ഒരു മണിക്കൂര്‍ നീണ്ട പൊതുദര്‍ശനം. തങ്ങളുടെ പ്രിയപ്പെട്ട ക്ലാസ് ലീഡര്‍ക്ക് സഹപാഠികള്‍ നിറകണ്ണുകളോടെ യാത്രമൊഴി നല്‍കി. വിതുമ്പലോടെ അധ്യാപകരും നാട്ടുക്കാരും.

നീലീശ്വരത്തെ വീട്ടിലെത്തിച്ച മൃതദേഹം 3.30 യോടെ തൃശൂര്‍ കൊരട്ടിയിലെ യഹോവ സാക്ഷികളുടെ സെമിത്തേരിയിലേക്ക്, പിന്നാലെ സംസ്‌കാര ചടങ്ങുകള്‍. കേരളം നടുങ്ങിയ സ്‌ഫോടനത്തിലെ കുഞ്ഞു രക്തസാക്ഷിക്ക് പതിനെട്ടാം നമ്പര്‍ കല്ലറയില്‍ അന്ത്യവിശ്രമം.

അമ്മ സാലിക്കും സഹോദരങ്ങള്‍ക്കുമൊപ്പമാണ് ലിബ്‌ന കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥന യോഗത്തിലെത്തിയിരുന്നത്. സ്‌ഫോടനത്തില്‍ പരുക്കേറ്റ മൂവരും ചികിത്സയിലാണ്.
സാലിയെ ഒരു നോക്ക് കാണിക്കാനാണ് സംസ്‌കാരം ആറു ദിവസത്തേക്ക് നീട്ടിവെച്ചു. പക്ഷെ അമ്മയുടെ അന്ത്യം മുത്തം വാങ്ങാനാവാതെ കുഞ്ഞു ലിബ്‌ന മടങ്ങി.

Exit mobile version