മോഷ്ടിച്ച ബൈക്കുമായി ഹെല്‍മെറ്റില്ലാതെ നാടുചുറ്റി കള്ളന്‍: പിഴ നോട്ടീസ് കിട്ടി വലഞ്ഞ് ബൈക്കുടമ

കാസര്‍കോട്: മോഷ്ടിച്ച ബൈക്കുമായി ഹെല്‍മെറ്റില്ലാതെ നാടുചുറ്റി നടന്ന് വാഹന ഉടമയ്ക്ക് പണി കൊടുത്ത് കള്ളന്‍. കള്ളന്റെ നാട് ചുറ്റല്‍ കാരണം വാഹന ഉടമയ്ക്ക് ഓരോ ദിവസവും പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസും ലഭിക്കുകയാണ്. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ഭാസ്‌കരനാണ് ബൈക്ക് മോഷ്ടാവിനെ കൊണ്ട് വലഞ്ഞിരിക്കുന്നത്.

ജൂണ്‍ 27ന് കാഞ്ഞങ്ങാട് വച്ചാണ് ഭാസ്‌കരന്റെ ബൈക്ക് മോഷണം പോയത്. കൊച്ചിയില്‍ പോയി തിരിച്ചെത്തിയപ്പോള്‍ പാര്‍ക്ക് ചെയ്തിടത്ത് ബൈക്ക് ഇല്ല. പോലീസില്‍ പരാതിയും നല്‍കി. ബൈക്ക് തിരിച്ച് കിട്ടിയില്ലെങ്കിലും എഐ ക്യാമറ വഴിയുള്ള പിഴ നോട്ടീസ് കൃത്യമായി കിട്ടി തുടങ്ങി. മോഷ്ടിച്ച ബൈക്കിനെന്ത് ഹെല്‍മെറ്റെന്ന് പറഞ്ഞ് കള്ളന്‍ കറങ്ങി നടന്നു. പിന്നില്‍ ആളെയുമിരുത്തി വണ്ടി പറ പറപ്പിച്ചു. എഐ ക്യാമറ കൃത്യമായി ഫോട്ടോയെടുത്തു. പിഴ നോട്ടീസെല്ലാം ഭാസ്‌കരന്റെ വീട്ടിലേക്കും എത്തി.

മോഷ്ടിച്ച ബൈക്കില്‍ കാഞ്ഞങ്ങാട് നിന്ന് കോഴിക്കോട് എത്തിയപ്പോള്‍ തന്നെ അഞ്ച് തവണ ക്യാമറയില്‍ കുടുങ്ങി. മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റ് പരിശോധിച്ചപ്പോള്‍ പിഴത്തുകയായി ആകെ 9,500 രൂപ അടയ്ക്കണം. ബൈക്ക് ഓടിക്കുന്ന യുവാവിന്റെ ചിത്രം വ്യക്തമാണ്. ഓരോ തവണയും പിന്‍സീറ്റ് യാത്രക്കാര്‍ മാറുന്നുണ്ട്. ഭാസ്‌കരന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബൈക്കോ മോഷ്ടിച്ചു ഹെല്‍മെറ്റ് ധരിച്ച് ഓടിച്ചുകൂടെയെന്ന് ഭാസ്‌കരന്‍ ചോദിക്കുന്നു.

Exit mobile version