കോഴിക്കോട് കാറുകളുടെ ചില്ല് തകര്‍ത്ത് മോഷണം; പിന്നില്‍ തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കള്‍, ഒരാള്‍ പിടിയില്‍

തമിഴ്‌നാട് സ്വദേശി മൈക്കിള്‍ സുന്ദര്‍ ആണ് പിടിയിലായത്.

കോഴിക്കോട്: നഗരത്തില്‍ കാറുകളില്‍ മോഷണം നടത്തിയ സംഘം തമിഴ്‌നാട്ടിലെ കുപ്രസിദ്ധ തിരുട്ടു ഗ്രാമത്തിലുള്ളവരെന്ന് പോലീസ് കണ്ടെത്തല്‍. സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശി മൈക്കിള്‍ സുന്ദര്‍ ആണ് പിടിയിലായത്. മറ്റ് മൂന്ന് പേര്‍ക്കായി അന്വേഷണം ആരംഭിച്ചു.

കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ പാര്‍ക്കിങ് ഏരിയ, പുതിയസ്റ്റാന്റ് പരിസരത്തെ മാള്‍, ഗള്‍ഫ് ബസാറിന് സമീപത്തെ മാള്‍ എന്നിവിടങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ ചില്ലുകളാണ് സംഘം തകര്‍ത്തത്. തുടര്‍ന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇവര്‍ മോഷണം നടത്തിയത്.

പിടികൂടിയാളെ കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണ് പോലീസ്. മൈക്കിള്‍ സുന്ദറിന് തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമവുമായി ബന്ധമുണ്ടെന്നാണ് പോലീസിന് കിട്ടിയ സൂചന. വിവിധയിടങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളുടെ ചില്ലുകള്‍ തകര്‍ത്തായിരുന്നു മോഷണം.

സംഘം സ്ഥിരമായി ഈ രീതിയില്‍ മോഷണം നടത്തി വരുന്നതായാണ് പോലീസിന് കിട്ടിയ വിവരം. നാല് കാറുകളില്‍ മോഷണം നടത്തിയതായി പോലീസില്‍ പരാതി കിട്ടിയിട്ടുണ്ട്. സമാനമായ കൂടുതല്‍ കളവുകള്‍ നഗരത്തില്‍ നടന്നിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൈക്കിള്‍ സുന്ദര്‍ പിടിയിലായത്.

Exit mobile version