തമിഴ്‌നാട് ക്ഷേത്രത്തില്‍ നിന്ന് കാണാതായ വെങ്കല വിഗ്രഹം വാഷിംഗ്ടണ്‍ മ്യൂസിയത്തില്‍

Idol | Bignewslive

വാഷിംഗ്ടണ്‍ : തമിഴ്‌നാട് ക്ഷേത്രത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ വിഗ്രഹം വാഷിംഗ്ടണ്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന്. 1929ല്‍ നാഗപട്ടണത്തെ കൈലാസനാഥ സ്വാമി ശിവന്‍ ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ചോള രാജ്ഞി സെംബിയന്‍ മഹാദേവിയുടെ വെങ്കല വിഗ്രഹമാണ് വാഷിംഗ്ടണ്‍ ഡിസിയിലെ ഫ്രീര്‍ ഗാലറി ഓഫ് ആര്‍ട്ടില്‍ കണ്ടെത്തിയത്.

1929ല്‍ ഹാഗോപ് കെവോര്‍കിയന്‍ എന്ന വ്യക്തിയില്‍ നിന്നാണ് ഗാലറി അധികൃതര്‍ വിഗ്രഹം വാങ്ങുന്നത്. ഇതെത്ര തുകയ്ക്കാണെന്ന് അറിവില്ല. 1962ല്‍ കെവോകിയന്‍ അന്തരിച്ചു. ഇദ്ദേഹം ആരില്‍ നിന്നാണ് വിഗ്രഹം വാങ്ങിയതെന്ന കാര്യത്തില്‍ അന്വേഷണമാരംഭിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. 2015ല്‍ വിഗ്രഹം മ്യൂസിയത്തില്‍ കണ്ടുവെന്ന് രാജേന്ദ്രന്‍ എന്നയാളാണ് ആദ്യം വിവരം പോലീസിനെ അറിയിക്കുന്നത്. ഇദ്ദേഹമിക്കാര്യം ക്ഷേത്രം അധികൃതരുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു.

പിന്നീട് കേസ് പോലീസിന്റെ ഐഡല്‍ വിംഗിന് കൈമാറി. ജയന്ത് മുരളി, പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍ ദിനകരന്‍, എന്നിവര്‍ കേസ് വേഗത്തിലാക്കുകയും പോലീസ് ഇന്‍സ്‌പെക്ടര്‍ ഇന്ദിരയുടെ കീഴിലുള്ള പ്രത്യേക സംഘത്തിന് കൈലാസനാഥ സ്വാമി ക്ഷേത്രത്തിലെ ശിലാ ലിഖിതങ്ങള്‍ കൈമാറുകയും ചെയ്തു. ക്ഷേത്രത്തില്‍ 60 വര്‍ഷത്തിലധികം വര്‍ഷം ജോലി ചെയ്തവരോട് അന്വേഷിച്ചാണ് വിഗ്രഹം ക്ഷേത്രത്തിലേത് തന്നെയെന്ന് സ്ഥിരീകരിക്കുന്നത്. വിഗ്രഹം ക്ഷേത്രത്തില്‍ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

Also read : ചൂളമടിച്ചത് ആരാണെന്ന് പറഞ്ഞില്ല : 6 വിദ്യാര്‍ഥികളുടെ മുടി മുറിച്ച് പ്രധാനാധ്യാപിക

ചോളരാജവംശത്തിലെ ശക്തയായ രാജ്ഞിയായിരുന്നു സെംബിയന്‍ മഹാദേവി. ഭര്‍ത്താവായ കാന്തരാദിത്യന്റെ മരണ ശേഷം ഇവര്‍ രാജ്യത്ത് ക്ഷേത്രങ്ങള്‍ പണിയുന്നതിലും കലയും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിനും ശ്രദ്ധ ചെലുത്തി. പരമ്പരാഗത രീതിയിലുള്ള ഇഷ്ടികക്കെട്ടിടങ്ങള്‍ മാറ്റി ക്ഷേത്രങ്ങള്‍ ഗ്രാനൈറ്റ് ഉപയോഗിച്ച് നിര്‍മിക്കുന്നത് സെംബിയന്‍ മഹാദേവിയുടെ കാലത്താണ്. അറുപത് വര്‍ഷത്തിന് മുകളില്‍ ചോളരാജ്യം ഭരിച്ച രാജ്ഞിയുടെ വിഗ്രഹമാണ് കണ്ടെത്തിയിരിക്കുന്നത്.

Exit mobile version