പണിമുടക്കിന് ഐക്യദാര്‍ഢ്യം; മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയേറ്റില്‍ എത്തിയില്ല; സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില കുറവ്

ഇന്നത്തെ ഭരണകാര്യങ്ങള്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഔദ്യോഗികവസതികളിലിരുന്നാകും നോക്കുക എന്നാണ് സൂചന.

തിരുവനന്തപുരം: സംയുക്തതൊഴിലാളി യൂണിയനുകള്‍ നടത്തുന്ന പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലെത്തിയില്ല. സാധാരണ ഒമ്പത് മണിയോടെ സെക്രട്ടേറിയറ്റിലെത്താറുള്ള മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഓഫീസുകളിലെത്തിയിട്ടില്ല.

സെക്രട്ടേറിയേറ്റിലും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും ഇന്ന് ഹാജര്‍ നിലയും കുറവാണ്. ഇന്നത്തെ ഭരണകാര്യങ്ങള്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഔദ്യോഗികവസതികളിലിരുന്നാകും നോക്കുക എന്നാണ് സൂചന. വകുപ്പുതല സെക്രട്ടറിമാരും ഇന്ന് സെക്രട്ടേറിയറ്റിലെത്തിയേക്കില്ല. ഉച്ചയോടെ മാത്രമേ ഓഫീസുകളിലെ ഹാജര്‍ നിലയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ കിട്ടൂ.

ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളിയൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചാണ് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ 48 മണിക്കൂര്‍ പണിമുടക്ക്.

Exit mobile version