‘അക്രമ സ്വഭാവം കാണിക്കുന്നു;തങ്ങളെ അംഗീകരിക്കുന്നില്ല’; മകൻ നഷ്ടപ്പെട്ടവേദന മറക്കാൻ ദത്തെടുത്ത പെൺകുട്ടിയെ തിരിച്ചയക്കാൻ അനുമതി തേടി ദമ്പതിമാർ

കൊച്ചി: പഞ്ചാബിൽ നിന്നും ദത്തെടുത്ത മകൾക്ക് തങ്ങളുടെ ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകുന്നില്ലെന്ന് കാണിച്ച് ദത്ത് റദ്ദാക്കാൻ കോടതിയെ സമീപിച്ച് ദമ്പതിമാർ. തിരുവനന്തപുരം സ്വദേശികളായ ദമ്പതിമാരാണ് ഹൈക്കോടതിയിൽ കേസ് ഫയൽചെയ്തത്. ഈ ഹർജിയിൽ ഹൈക്കോടതി ലീഗൽ സർവീസസ് അതോറിറ്റിയുടെ റിപ്പോർട്ട് തേടിയിരിക്കുകയാണ്.

പെൺകുട്ടിയോട് സംസാരിച്ച് റിപ്പോർട്ട് നൽകാനാണ് തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചത്. പ്രായപൂർത്തിയായ പെൺകുട്ടി നിലവിൽ തിരുവനന്തപുരം സ്വാദർ ഹോമിൽ കഴിയുകയാണ്. രക്ഷിതാക്കൾക്ക് തന്നോടൊപ്പം കഴിയാനിഷ്ടമില്ലെന്നും അതുകൊണ്ടാണ് ഇവിടെ കഴിയുന്നതെന്ന് പെൺകുട്ടി പറഞ്ഞെന്നാണ് സർക്കാർ അഭിഭാഷക ഹൈക്കോടതിയിൽ അറിയിച്ചിരിക്കുന്നത്. ഈ ഹർജി നവംബർ 17-ന് വീണ്ടും പരിഗണിക്കും.

ഹർജിക്കാരുടെ 23 വയസ്സുകാരനായ ഏകമകൻ 2017 ജനുവരി 14-ന് കാറപകടത്തിൽ മരിച്ചതിന് പിന്നാലെയാണ് കുടുംബം ആ വേദന മറക്കാൻ 2018 ഫെബ്രുവരി 16-ന് നിയമപ്രകാരം പഞ്ചാബിലെ ലുധിയാനയിലെ ആശ്രമത്തിൽനിന്ന് 13 വയസ്സുകാരിയെ ദത്തെടുത്തത്. കേരളത്തിൽനിന്ന് ദത്തെടുക്കാനുള്ള കാലതാമസം നേരിടുന്നത് കൊണ്ടാണ് ലുധിയാനയെ സമീപിച്ചത്.

പെൺകുട്ടിക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിനൽകിയെങ്കിലും കുട്ടിക്ക് തങ്ങളെ മാതാപിതാക്കളായി അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമായെന്ന് ദമ്പതിമാർ ഹർജിയിൽ പറയുന്നു. പിന്നീട് 2022 സെപ്റ്റംബർ 29-നാണ് കുട്ടിയെ തിരുവനന്തപുരം ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാക്കിയത്. ദത്ത് നടപടി റദ്ദാക്കി ലുധിയാനയിലെ ആശ്രമത്തിലേക്ക് കുട്ടിയെ തിരിച്ചയക്കണമെന്ന അപേക്ഷയുമായി ഹൈക്കോടതിയിൽ ഹർജിനൽകി. 2017-ലെ ദത്തെടുക്കൽ റെഗുലേഷൻസ് പ്രകാരം നടപടി സ്വീകരിക്കാൻ നിർദേശിച്ച് 2022 ഡിസംബർ 12-ന് ഹർജി തീർപ്പാക്കിയിരുന്നു.

ALSO READ- സിനിമാതാരം കലാഭവന്‍ ഹനീഫിന്റെ സംസ്‌കാരം ഇന്ന്, മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും

ഈ സമയത്താണ് കേന്ദ്രസർക്കാർ ദത്തെടുക്കൽ റെഗുലേഷൻ പരിഷ്‌കരിച്ചത്. ഇതനുസരിച്ച് കളക്ടർ മുഖേനയാണ് ദത്തെടുക്കൽ റദ്ദാക്കാൻ നടപടി സ്വീകരിക്കുക. തുടർന്ന് കളക്ടർക്ക് അപേക്ഷനൽകിയെങ്കിലും നടപടിയുണ്ടായില്ല. കുട്ടിയെ തിരിച്ചെടുക്കാൻ ലുധിയാനയിലെ ആശ്രമം അധികൃതരും തയ്യാറാകാതെ വന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ശിശുക്ഷേമസമിതി ചെയർപേഴ്സണ് നൽകിയ അപേക്ഷയിൽ കുട്ടി ചിലപ്പോൾ അക്രമസ്വഭാവം കാണിക്കുമെന്നും ഭക്ഷണം കഴിക്കാതെ മുറിയടച്ചിട്ടിരിക്കുമെന്നും രക്ഷിതാവ് ചൂണ്ടിക്കാണിക്കുന്നുണ്ട്. നേരത്തേ മറ്റൊരു ഉത്തരേന്ത്യൻ കുടുംബം തന്നെ ദത്തെടുത്തതാണെന്നും അവർ അതു റദ്ദാക്കി ആശ്രമത്തിൽ തിരിച്ചെത്തിച്ചുവെന്നും കുട്ടി പറഞ്ഞിട്ടുണ്ടെന്നും അപേക്ഷയിൽ പറയുന്നു.


ഹിന്ദിമേഖലയിൽ പഠിക്കണമെന്ന് കുട്ടി ആവശ്യപ്പെട്ടതോടെ മലയാളി അധ്യാപകർ മധ്യപ്രദേശിൽ നടത്തുന്ന സ്‌കൂളിൽ ചേർത്തെങ്കിലും അവിടെയും അക്രമസ്വഭാവം തുടരുകയും, തിരിച്ചുകൊണ്ടുവരികയുമായിരുന്നു. 2021-ൽ തന്റെ ഭാര്യയെ അക്രമിച്ച് കുട്ടി വീടുവിട്ടുപോകാൻ ശ്രമിച്ചു. തുടർന്ന് മാനസികാരോഗ്യ ചികിത്സനൽകിയിരുന്നു എന്നും ഈ അപേക്ഷയിൽ പറയുന്നു.

Exit mobile version