സിനിമാതാരം കലാഭവന്‍ ഹനീഫിന്റെ സംസ്‌കാരം ഇന്ന്, മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും

കൊച്ചി: വിടപറഞ്ഞ സിനിമാതാരം കലാഭവന്‍ ഹനീഫിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 11.30ന് മട്ടഞ്ചേരി ചെമ്പട്ട് പള്ളി ഖബര്‍സ്ഥാനിലാണ് ഖബറടക്കം നടക്കുക. താരത്തിന്റെ വിയോഗം മലയാള സിനിമാലോകത്തെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരിക്കുകയാണ്.

രാവിലെ ഒമ്പത് മണി മുതല്‍ എറണാകുളം ശാന്തി മഹല്ലില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. പ്രമുഖരടക്കം നിരവധി പേരാണ് താരത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നത്. മമ്മൂട്ടി, ദിലീപ്, ഷെയ്ന്‍ നിഗം അടക്കമുള്ള സിനിമ മേഖലയിലെ പ്രമുഖര്‍ ഇന്നലെ ഹനീഫിന്റെ മട്ടാഞ്ചേരിയിലെ വസതിയിലെത്തി അന്ത്യമോപചാരം അര്‍പ്പിച്ചു.

Also Read: കാമുകന്‍ മറ്റൊരു വിവാഹത്തിനൊരുങ്ങി, മകളെ കൊന്ന് ജീവനൊടുക്കി അധ്യാപിക, യുവ അധ്യാപകന്‍ അറസ്റ്റില്‍

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു ഹനീഫിന്റെ മരണം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഹനീഫ്. മിമിക്രിയിലൂടെ ബിഗ് സ്‌ക്രീനില്‍ എത്തിയ ഹനീഫ്, ചെപ്പ് കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെ ആണ് സിനിമിയില്‍ എത്തുന്നത്.

പിന്നീട് ഒട്ടനവധി സിനിമകളില്‍ കോമഡി വേഷങ്ങളില്‍ എത്തി തിളങ്ങിയിട്ടുണ്ട്. ഈ പറക്കും തളിക എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ മണവാളനായി എത്തിയ ഹനീഫിന്റെ കഥാപാത്രം ഇന്നും പ്രേക്ഷകഹൃദയത്തിലുണ്ട്.

Exit mobile version