എന്തിനാണ് ആര്‍എസ്എസ് ഭീതി പടര്‍ത്തുന്നത്? ഇത് ഭീകര പ്രവര്‍ത്തനമല്ലേ? കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മൗനമെങ്കിലും, ആര്‍എസ്എസ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ഗാന്ധി

ആര്‍എസ്എസിന്റെ ഭീകര പ്രവര്‍ത്തനത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശനത്തിന്റെ പേരില്‍ ആക്രമണം അഴിച്ചുവിട്ട ആര്‍എസ്എസിന്റെ ഭീകര പ്രവര്‍ത്തനത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജനുവരി മൂന്നിന് ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലില്‍ വ്യാപക അക്രമമാണ് അരങ്ങേറിയത്. പോലീസ് സ്‌റ്റേഷനുകളും കെഎസ്ആര്‍ടിസിയും ഉള്‍പ്പടെയുള്ള പൊതുസംവിധാനങ്ങള്‍ തകര്‍ത്ത് സംഘപരിവാര്‍ അക്രമം വ്യാപകമായിട്ടും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ മൗനത്തിലായിരുന്നു. സംഭവത്തെ അപലപിക്കാന്‍ പോലും നേതാക്കള്‍ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി തന്നെ വിമര്‍ശിച്ചിരുന്നു.

എന്നാല്‍ കേരള ഘടകത്തിനെ പോലും അമ്പരപ്പിച്ച് പ്രതികരണവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പോലീസ് സ്‌റ്റേഷന് നേരെ ബോംബെറിയുന്ന ദൃശ്യം പങ്കുവച്ചുകൊണ്ട് ഇത് ഭീകര പ്രവര്‍ത്തനമല്ലേയെന്നാണ് പ്രിയങ്ക ചോദിക്കുന്നത്.

ശബരിമല യുവതീ പ്രവേശനത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ നിന്നും വിഭിന്നമായി, സുപ്രീം കോടതി വിധിക്ക് അനുകൂലമായ നിലപാടാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വീകരിച്ചത്. ലിംഗ സമത്വത്തിന് അനുകൂലമാണ് കോണ്‍ഗ്രസ് എന്ന് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും വ്യക്തമാക്കിയിരുന്നു.

Exit mobile version