‘പെൻഷൻ ശരിയാക്കണം, സുഹൃത്തുക്കളെ കാണണം’; ആഗ്രഹം പൂർത്തിയാക്കി മടങ്ങിയ അജിത് കുമാറിനെ കവർന്ന് ഹൃദയാഘാതം; കൺമുന്നിൽ നടന്നത് വിശ്വസിക്കാനാകാതെ കുടുംബം

കോഴിക്കോട്: തെലങ്കാനയിലെ ജോലി സ്ഥലത്തെത്തി പെൻഷന്റെ കാര്യങ്ങളെല്ലാം ശരിയാക്കി പഴയ സുഹൃത്തുക്കളേയും കണ്ട് മടങ്ങണമെന്ന ആഗ്രഹം അജിത് കുമാർ ഇടയ്ക്കിടെ പറയുമായിരുന്നു. ഒടുവിൽ ദൂരയാത്രയ്ക്ക് മനസില്ലാ മനസോടെയാണ് മക്കൾ സമ്മതം മൂളിയതും. യാത്രയ്ക്ക് ഒരുങ്ങിയപ്പോൾ മകനും മകളും ഭാര്യയും പേരമകളേയും കൂടെ കൂട്ടി ഒരു ഉല്ലാസയാത്രയാക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ഈ യാത്ര മടക്കത്തിൽ ദുരന്തപര്യവസാനിയാകുമെന്ന് ആരും കരുതിയില്ല.

കേന്ദ്രസർക്കാരിന്റെ കൽക്കരിക്കമ്പനിയിലെ ജീവനക്കാരനായിരുന്ന കൂത്തുപറമ്പ് നരവൂർ തെക്കലേമുക്ക് കളത്തിൽതിരോത്ത് (ഓജസ് ഹൗസ്) അജിത്കുമാർ (67) ട്രെയിൻ ജന്മനാടിനോട് അടുക്കവെയാണ് ജീവിതയാത്രാ മതിയാക്കി മടങ്ങിയത്. കൺമുന്നിൽ കലശലായ നെഞ്ചുവേദന വന്ന് പിടഞ്ഞ അജിത്കുമാറിനെ രക്ഷിക്കാനാകാതെ പോയതിന്റെ വേദനയിലാണ് കുടുംബവും സഹയാത്രികരും.

മകൻ നിധിൻ കുമാറിനൊപ്പം അജിത് കുമാറിനെ താങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ച നാട്ടുകാരായ കൃഷ്ണകുമാറും നാസറും സുഹൃത്തുക്കളും ആ ജീവൻ രക്ഷിക്കാനാകാത്തതിന്റെ നോവിലാണ്.

2015 ൽ സർവീസിൽനിന്ന് വിരമിച്ച അജിത് കുമാർ പെൻഷൻ മസ്റ്ററിങ്ങിനു പോയി ട്രെയിനിൽ മടങ്ങുന്നതിനിടെയാണ് കോഴിക്കോട് വെച്ച് ഹൃദയാഘാതം സംഭവിച്ച് മരണപ്പെട്ടത്.ചെന്നൈ – എന്തൂർ-മംഗളൂരു തീവണ്ടിയിൽ വെച്ചായിരുന്നു സംഭവം.

ട്രെയിൻ കോഴിക്കോട് സ്റ്റേഷൻ വിട്ടശേഷമാണ് അജിത് കുമാറിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടനെ എസ്- 6 കോച്ചിലെ സഹയാത്രികർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയും സമയം വൈകിക്കാതെ തന്നെ തൊട്ടടുത്ത കാലിക്കറ്റ് ഹോസ്പിറ്റൽ ആൻഡ് നഴ്‌സിങ് ഹോമിലെത്തിക്കുകയുമായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ചൊവാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് മരണം സംഭവിച്ചത്.

ALSO READ- 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ശക്തിപ്രാപിക്കും, കേരളത്തില്‍ അടുത്ത അഞ്ച് ദിവസം പെരുമഴ, ഇടിമിന്നലിനും സാധ്യത, മുന്നറിയിപ്പ്

47 വർഷം ജോലിചെയ്യുകയും താമസിക്കുകയും ചെയ്തിരുന്ന തെലങ്കാനയിലെ മന്ദമാരിയിലേക്ക് പോയി മടങ്ങിയതായിരുന്നു അജിത് കുമാർ കുടുംബത്തിനൊപ്പം. പാലക്കാട് നിന്നാണ് ഇവർ ചെന്നെ -എശൂർ ട്രെയിനിൽ കയറിയത്.

അജിത് കുമാറിന് മുമ്പൊരിക്കലും ഹൃദ്രോഗമുണ്ടായിട്ടില്ലെന്ന് കുടുംബം പറയുന്നു. ആറുവർഷം മുമ്പ് തൊണ്ടയിൽ അർബുദം ബാധിച്ചെങ്കിലും ചികിത്സയിൽ ഭേദമായിരുന്നു.

ALSO READ- തട്ടികൊണ്ടുപോകാനുള്ള ശ്രമം പാളിയത് രണ്ടരവയസുകാരിയും കൂട്ടുകാരും കരഞ്ഞതോടെ; കൈയ്യിലെ മൊബൈല്‍ കവരാനും ശ്രമം; പെരുമ്പാവൂരില്‍ ഒഡീഷ സ്വദേശി പിടിയിലായതിങ്ങനെ

സംഭവമറിഞ്ഞ് റെയിൽവേ പോലീസ് എസ്.ഐ.പി. ജയകൃഷ്ണനും സംഘവും സ്ഥലത്തെത്തി. പോലീസ് നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പ്രേമയാണ് അജിത്കുമാറിന്റെ ഭാര്യ. മക്കൾ: മഞ്ജിത്ത് കുമാർ, മാനസമാരി, നിധിൻകുമാർ. മരുമകൻ: വിജീഷ് കോട്ടക്കുന്നിൽ (പാനൂർ).

Exit mobile version