ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ പോകരുതെന്ന നിലപാട് പാര്‍ട്ടിക്കില്ല..! കടകംപള്ളിയുടെ നിലപാട് തള്ളി കോടിയേരി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രി പ്രകടിപ്പിച്ച അഭിപ്രായം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ പോകരുതെന്ന നിലപാട് പാര്‍ട്ടിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാ്കിയത്. വിശ്വാസിയാണെങ്കില്‍ ഏത് ആക്ടിവിസ്റ്റിനും ദര്‍ശനം നടത്താം. കുഴപ്പമുണ്ടാക്കാന്‍ വരുന്നവരെ മാത്രമേ തടയേണ്ടതുള്ളുവെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

അതിന് പുറമെ പോലീസിന് വീഴ്ച പറ്റിയെന്ന കടകംപള്ളിയുടെ നിലപാടും കോടിയേരി തള്ളി. ശബരിമലയില്‍ പോലീസിന്റെ ഭാഗത്ത് ഒരുവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് കോടിയേരി കൂട്ടിച്ചേര്‍ത്തു. പോലീസ് യൂണിഫോം യുവതിക്ക് നല്‍കിയിട്ടില്ല, സുരക്ഷാജാക്കറ്റ് മാത്രമാണ് നല്‍കിയതെന്നും അദ്ദേഹം വിശദീകരിച്ചു

ശബരിമല സമരത്തിന് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ പിന്തുണയില്ല. വിധി നടപ്പാക്കാനും യുവതികള്‍ക്ക് സുരക്ഷയൊരുക്കാനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ രണ്ട് ക്ഷേത്രങ്ങളില്‍ സ്ത്രീപ്രവേശം അനുവദിച്ചത് ബിജെപി സര്‍ക്കാര്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പോലീസില്‍ വര്‍ഗീയചേരിതിരിവുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നെന്നും മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളെക്കുറിച്ചുള്ള വിധിയെ കോണ്‍ഗ്രസും ബിജെപിയും എതിര്‍ക്കുന്നില്ലെന്നും വിധി തിരുത്തിക്കാമെന്നുറപ്പുണ്ടെങ്കില്‍ എതിര്‍ക്കുന്നവര്‍ കോടതിയെ സമീപിക്കണം എന്നും കോടിയേരി തുറന്നടിച്ചു.

കേരളത്തിലെ ബിജെപി സമരംചെയ്യുന്നത് ഇരട്ടത്താപ്പാണ്. ആര്‍എസ്എസ് നേതൃത്വത്തിലുള്ള സംഘമാണ് കോടതിവിധി നേടിയെടുത്തത്. അല്ലാതെ ഇടതുസര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതല്ല. സുപ്രീംകോടതിവിധി നടപ്പാക്കണമെന്ന് കേന്ദ്രം സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇടതുപക്ഷം ഭരിക്കുന്നതുകൊണ്ട് സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും. ഇന്ന് സമരത്തില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസുകാര്‍ നാളെ ബിജെപിയാകുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു..

Exit mobile version