ഡോക്ടറെ ഭീഷണിപ്പെടുത്തി പണം കവർന്നത് ലഹരി മരുന്ന് വാങ്ങാൻ; കോഴിക്കോട് വടിവാൾ കാട്ടി കവർച്ച നടത്തിയത് 24കാരിയും കൂട്ടാളികളും

കോഴിക്കോട്: ലഹരി മരുന്ന് വാങ്ങാനായി പണം കണ്ടെത്താനായി ഡോക്ടറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ മൂന്നംഗ സംഘം പിടിയിൽ. എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ ഇകെ മുഹമ്മദ് അനസ് (26), കുന്ദമംഗലം നടുക്കണ്ടിയിൽ ഗൗരീശങ്കരത്തിൽ എൻപി ഷിജിൻ ദാസ് (27), പാറോപ്പടി മാണിക്കത്താഴെ ഹൗസിൽ അനു കൃഷ്ണ (24) എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ പുലർച്ചെ റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിലായിരുന്നു സംഭവം നടന്നത്. ഞായറാഴ്ച രാത്രിയോടെ ഡോക്ടറുമായി പരിചയപ്പെട്ട പ്രതികൾ പുലർച്ചെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും പണം കവരുകയും ആയിരുന്നു.

ഡോക്ടറുടെ കൈവശം പണമില്ലെന്ന് മനസിലാക്കിയ അക്രമികൾ ഗൂഗിൾ പേ വഴി 2,500 രൂപ അയപ്പിച്ചിരുന്നു. ലഹരി മരുന്ന് വാങ്ങാനായിരുന്നു സംഘത്തിന്റെ കവർച്ച. പ്രതികൾ സഞ്ചരിച്ച ബൈക്കുകളും മൊബൈൽ ഫോണും വടിവാളും പോലീസ് കണ്ടെടുത്തു.

ALSO READ- പണം വെച്ച് ചീട്ടുകളി; ട്രിവാൻട്രം ക്ലബിൽ ചീട്ടുകളി സംഘം പിടിയിൽ; 5.6 ലക്ഷം രൂപ പിടിച്ചെടുത്തു

കൃത്യത്തിന് ശേഷം ഡൽഹിയിലേക്ക് കടക്കാനിരിക്കെയാണ് അനസും അനു കൃഷ്ണയും പോലീസ് പിടിയിലായത്. ടൗൺ പോലീസ് ഇൻസ്‌പെക്ടർ ബൈജു കെ തോമസിന്റെ നേതൃത്വത്തിൽ ടൗൺ പോലീസും കോഴിക്കോട് ആന്റി നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണർ ടിപി ജേക്കബിന്റെ നേതൃത്വത്തിൽ ഡാൻസാഫും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്.

Exit mobile version