സ്വർണം കടത്തിയ യുവാവും കവർച്ചക്കാരും തമ്മിൽ പിടിവലി; ഒടുവിൽ രണ്ടുപേർ അറസ്റ്റിൽ; കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് നടന്നത്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന് പുറത്തുവെച്ച് സ്വർണക്കടത്തുകാരനും കവർച്ചാസംഘവും തമ്മിൽ പിടിവലി. ഒടുവിൽ സ്വർണം കടത്തിയ യുവാവും ഈ സ്വർണം കവരാനെത്തിയ സംഘാംഗവും പോലീസിന്റെയും കസ്റ്റംസിന്റേയും പിടിയിലായി. സ്വർണം കടത്തിയ കോഴിക്കോട് ഉണ്ടൻചാലിൽ ലിഗീഷിനെയാണ് കസ്റ്റംസ് പിടികൂടിയത്.

കവർച്ചാസംഘത്തിലെ ഓമശ്ശേരി കിഴക്കേപുനത്തിൽ ആസിഫിനെ പോലീസാണ് കസ്റ്റഡിയിലെടുത്തത്. കരിപ്പൂർ വിമാനത്താവളത്തിന് പുറത്തുവെച്ചായിരുന്നു ഇരുവരും പിടിയിലായത്. ആസിഫിന്റെ കൂടെയുണ്ടായിരുന്ന കവർച്ചാസംഘത്തിലെ നാലുപേർ ഓടിരക്ഷപ്പെട്ടു.

കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ലിഗീഷ് ദോഹയിൽനിന്ന് കടത്തിയ സ്വർണം തട്ടിയെടുക്കാൻ അഞ്ചംഗസംഘം കരിപ്പൂർ വിമാനത്താവളത്തിൽ എത്തുകയായിരുന്നു. തുടർന്ന് വിമാനത്താവളത്തിന് പുറത്തുവെച്ച് ലിഗീഷും കവർച്ചാസംഘവും തമ്മിൽ പിടിവലി നടക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ലിഗീഷിനെയും കവർച്ചാസംഘത്തിലെ ആസിഫിനെയും പിടികൂടിയത്.

ഈ സമയത്ത് ആസിഫിനൊപ്പം ഉണ്ടായിരുന്ന നാലുപേർ വാഹനത്തിൽ കടന്നുകളഞ്ഞു.തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടിയ ലിഗീഷിനെ പിന്നീട് കസ്റ്റംസിനും ആസിഫിനെ കരിപ്പൂർ പോലീസിനും കൈമാറി.

also read- ജപ്തി ഭീഷണി: കൊരട്ടിയില്‍ മൂന്നംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒരാളുടെ നില അതീവഗുരുതരം
ലിഗീഷിൽനിന്ന് രണ്ട് ക്യാപ്സ്യൂളുകളായി ഒളിപ്പിച്ച സ്വർണമിശ്രിതം കണ്ടെടുത്തു. അതിനിടെ, കവർച്ചാസംഘത്തിലെ രക്ഷപ്പെട്ട നാലുപേർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

Exit mobile version