ഒരു തവണയെങ്കിലും മോഹന്‍ലാലിനെ നേരില്‍ കാണണമെന്ന ആഗ്രഹം ബാക്കി, ശാന്തിനികേതനം സദനത്തിലെ മാധവിയമ്മ യാത്രയായി

പാലക്കാട്: നടന്‍ മോഹന്‍ലാലിനെ നേരില്‍ കാണണമെന്നത് ശാന്തിനികേതനം സദനത്തിലെ മാധവിയമ്മ (കുട്ടുഅമ്മ108)യുടെ ഒത്തിരി നാളത്തെ ആഗ്രഹമായിരുന്നു. എന്നാല്‍ ആഗ്രഹം സാധിക്കാതെ മാധവിയമ്മ യാത്രയായി.

ഒലവക്കോട് ചുണ്ണാമ്പുത്തറ ശാന്തിനികേതനം ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലുള്ള സദനത്തിലെ താമസക്കാരിയായിരുന്നു മാധവിയമ്മ. 10 വര്‍ഷത്തോളമായി മാധവിയമ്മ ഇവിടെ താമസിക്കുന്നു. കുന്നത്തൂര്‍മേട് റോഡില്‍ വഴിതെറ്റി അലഞ്ഞുതിരിഞ്ഞ അമ്മയെ ജനമൈത്രി പൊലീസാണ് ഇവിടെ എത്തിച്ചത്.

also read: വൈശാഖ് ചിത്രം ബ്രൂസ് ലീ ഉപേക്ഷിച്ചു; ഒടുവിൽ കാരണം വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ

വര്‍ഷങ്ങള്‍ക്ക് മുമ്പ് ശാന്തിനികേതനം സദനത്തിലെ ഒരു ഓണക്കാലത്താണ് മാധവിയമ്മ തന്റെ ആഗ്രഹം പങ്കുവച്ചത്. താന്‍ കാലങ്ങളായി ആരാധിക്കുന്ന നടനാണ് മോഹന്‍ലാലെന്നും ഒരു തവണയെങ്കിലും നേരില്‍ കാണണമെന്നും അടുത്ത് ഇരുന്നു സംസാരിക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.

ഷാഫി പറമ്പില്‍ എംഎല്‍എയായിരുന്നു അന്ന് പരിപാടിയില്‍ അതിഥിയായി എത്തിയത്. മാധവിയമ്മയുടെ ആഗ്രഹം ഷാഫി പറമ്പില്‍ എംഎല്‍എ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. മാധവിയമ്മ ലാലേട്ടന്റെ താടിയുടെയും മൂക്കിന്റെയും ഭംഗി പോലും എടുത്തുപറയുന്ന വീഡിയോയായിരുന്നു ഷാഫി പറമ്പില്‍ പങ്കുവെച്ചത്.

Also Read: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത

വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. ഒടിയന്‍’ സിനിമയുടെ ഷൂട്ടിങ്ങിനായി പാലക്കാട്ടെത്തുമ്പോള്‍ മാധവിയമ്മയെ കാണാന്‍ മോഹന്‍ലാല്‍ എത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും തിരക്കു കാരണം സാധിച്ചില്ല. പിന്നീട് ഒരിക്കലും ആ ആഗ്രഹം സാധിച്ചില്ല. ഇന്നലെ രാവിലെയായിരുന്നു മരണം. ജൈനിമേട് ശ്മശാനത്തില്‍ സംസ്‌കരിച്ചു.

ശാന്തിനികേതനം സദനത്തിലെ ടിവിയില്‍ മോഹന്‍ലാലിന്റെ സിനിമയാണെങ്കില്‍ ഒരു മിനിറ്റുപോലും ടിവിക്കു മുന്നില്‍നിന്നു മാറാതെ അമ്മ ഇരിക്കാറുണ്ടെന്നും ചാനല്‍ മാറ്റിയാല്‍ പിണങ്ങാറുണ്ടെന്നും ശാന്തിനികേതനം ട്രസ്റ്റിലെ സിസ്റ്റര്‍ റസിയ ബാനു പറഞ്ഞു.

Exit mobile version