ഹര്‍ത്താലിന് പിന്നാലെ ദേശീയ പണിമുടക്ക്..! ജനജീവിതം സ്തംഭിപ്പിക്കില്ല, വാഹനങ്ങള്‍ തടയില്ല, കടകള്‍ അടപ്പിക്കില്ല; നേതാക്കള്‍

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ബിജെപി കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലില്‍ വലഞ്ഞ ജനങ്ങള്‍ക്ക് വീണ്ടും പരീക്ഷണകാലം. വരുന്ന 8,9 ദിനങ്ങളിലെ ദേശീയ പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിക്കും എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ജനജീവിതം സതംഭിപ്പിക്കുന്ന തരത്തില്‍ കടകള്‍ അടപ്പിക്കില്ലെന്നും വാഹനങ്ങള്‍ തടയില്ലെന്നും നേതാക്കള്‍ അറിയിച്ചു.

ബിഎംഎസ് ഒഴികെ സംസ്ഥാനത്തെ 19 ട്രേഡ് യൂണിനുകളും പണിമുടക്കിന്റെ ഭാഗമാകുന്നതിനാല്‍ പണിമുടക്ക് ഹര്‍ത്താലിനെക്കാള്‍ ശക്തമാകാനാണ് സാധ്യത. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളും ഓട്ടോ, ടാക്‌സി സര്‍വീസുകളും നിലയ്ക്കും. റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖം തുടങ്ങിയ പൊതുഗതാഗത മേഖലകളും പണിമുടക്കിന്റെ ഭാഗമാകും.

ശബരിമല പ്രശ്‌നത്തില്‍ ബിജെപിയും ശബരിമല കര്‍മസമിതിയും തുടരെത്തുടരെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ ജനവികാരം ശക്തമാവുകയും വ്യാപാര വ്യവസായ രംഗത്തെ വിവിധ സംഘടനകള്‍ നിലപാട് കടുപ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് സംയുക്ത ട്രേഡ് യൂണിയന്റെ 48 മണിക്കൂര്‍ പണിമുടക്ക്.

പണിമുടക്ക് ദിനം കടകള്‍ തുറക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കമുളള സംഘടനകളുടെ തീരുമാനം. ബിജെപി ഹര്‍ത്താലിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയ പശ്ചാത്തലത്തില്‍ പണിമുടക്ക് ദിനം സമാനമായ പ്രതിഷേധങ്ങള്‍ക്കും സാധ്യതയുണ്ട്.

Exit mobile version