തലപ്പിള്ളി താലൂക്ക് എന്‍എസ്എസ് യൂണിയനില്‍ പൊട്ടിത്തെറി..! വനിതാ മതിലില്‍ പങ്കെടുത്തതിന് വിശദീകരണം തേടി, പദവികള്‍ രാജിവെച്ച് സ്ത്രീകള്‍ മടങ്ങി

തൃശൂര്‍: തലപ്പിള്ളി താലൂക്ക് എന്‍എസ്എസ് യൂണിയനില്‍ പൊട്ടിത്തെറി. യൂണിയനിലെ വനിതാ അംഗങ്ങള്‍ വനിതാ മതിലില്‍ പങ്കെടുത്തതിനെതിരെ വിശദീകരണം ചോദിച്ചിരുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വിലക്ക് ലംഘിച്ചണ് അംഗങ്ങള്‍ മതിലില്‍ പങ്കെടുത്തത്. തുടര്‍ന്നായിരുന്നു നേതൃത്വം ഇവരോട് വിശദീകരണം ആവശ്യപ്പെട്ടത്. തുടര്‍ന്ന് സ്ത്രീകള്‍ പദവികള്‍ രാജിവെച്ചു.

വനിതാ യൂണിയന്‍ പ്രസിഡന്റായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച ടിഎന്‍ ലളിത, മെമ്പര്‍ പ്രസീത സുകുമാരന്‍ എന്നിവരാണ് രാജിവെച്ചത്. ആചാര സംരക്ഷണത്തിനായി എന്‍എസ്എസിന്റെ നിര്‍ദ്ദേശമനുസരിച്ച് നാമജപ ഘോഷയാത്രകളിലും മറ്റ് പരിപാടികളിലും സജീവമായിരുന്ന രണ്ട് പേരും ജനുവരി ഒന്നിന് നടന്ന വനിതാ മതിലിലും പങ്കെടുത്തിരുന്നു. എന്നാല്‍ നവോത്ഥാനത്തിന് വേണ്ടി ആയതു കൊണ്ട് തങ്ങള്‍ പങ്കടുക്കുന്ന കാര്യം വനിതകള്‍ നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവരോട് പങ്കെടുക്കരുതെന്ന് നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവര്‍ ഇരുവരും വനിതാ മതിലില്‍ പങ്കാളികളാകുകയായിരുന്നു. ഇവരുടെ നിര്‍ദ്ദേശമനുസരിച്ച് സമുദായംഗങ്ങളായ മറ്റ് ചിലരും വനിതാ മതിലില്‍ പങ്കെടുത്തിരുന്നു. മതിലില്‍ അണി ചേരുക മാത്രമായിരുന്നില്ല, അത്താണിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് ലളിത സംസാരിക്കുകയും എന്‍എസ്എസ് നിലപാടിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ പി ഋഷികേശ് ഇവരുടെ രാജി സ്ഥിരീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു ഋഷികേശിന്റെ മറുപടി. എന്‍എസ്എസില്‍ നിന്ന് രാജിവെച്ചെന്നും ഇതേ കുറിച്ച് പിന്നീട് പ്രതികരിക്കുമെന്നും ലളിത പറഞ്ഞു.

Exit mobile version