ബംഗളൂരുവില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു, അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ

മുംബൈയില്‍ നിന്ന് ബംഗളുരുവിലെത്തിയ 11301 നമ്പര്‍ ഉദ്യാന്‍ എക്‌സ്പ്രസിന്റെ എ. സി കോച്ചുകളിലാണ് തീപിടിത്തമുണ്ടായത്.

ബംഗളുരു: ബംഗളൂരുവില്‍ എക്‌സ്പ്രസ് ട്രെയിനില്‍ തീ പിടിത്തം. കെഎസ്ആര്‍ ബെംഗളുരു റെയില്‍വേ സ്റ്റേഷനില്‍ രാവിലെ ഏഴരയോടെയാണ് തീപിടിത്തമുണ്ടായത്. മുംബൈയില്‍ നിന്ന് ബംഗളുരുവിലെത്തിയ 11301 നമ്പര്‍ ഉദ്യാന്‍ എക്‌സ്പ്രസിന്റെ എ. സി കോച്ചുകളിലാണ് തീപിടിത്തമുണ്ടായത്.

യാത്രക്കാരെല്ലാം ട്രെയിനില്‍ നിന്ന് ഇറങ്ങിക്കഴിഞ്ഞിരുന്നതിനാല്‍ വലിയ അപകടമൊന്നും ഉണ്ടായില്ല. രാവിലെ 5.45ന് ബംഗളുരുവില്‍ എത്തിയ ട്രെയിനില്‍ നിന്ന് യാത്രക്കാരെല്ലാം ഇറങ്ങിയ ശേഷം പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. അതേസമയം, തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് റെയില്‍വെ അറിയിച്ചു.

ഉദ്യാന്‍ എക്‌സ്പ്രസിന്റെ ബി – 1, ബി – 2 കോച്ചുകളില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ അധികൃതര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ട്രെയിനിലെ മറ്റ് കോച്ചുകളിലേക്ക് തീ പടരാതെ നിയന്ത്രിക്കുകയായിരുന്നു. എന്നാല്‍ തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് റെയില്‍വേ അന്വേഷണം ആരംഭിച്ചു.

Exit mobile version