ഈ നിലപാട് കലാപാഹ്വാനം; തെറ്റുതിരുത്തണം; ആര്‍എസ്എസിന് ചൂട്ടുപിടിക്കരുത്; എന്‍എസ്എസിനോട് തിരിച്ചടിച്ച് സര്‍ക്കാര്‍

ശബരിമലയുടെ പേരില്‍ സംസ്ഥാനത്ത് കലാപം ഉണ്ടാവാന്‍ കാരണമെന്ന് ആരോപിച്ച എന്‍എസ്എസിന് രൂക്ഷഭാഷയില്‍ മറുപടിയുമായി സര്‍ക്കാര്‍.

തിരുവനന്തപുരം: സര്‍ക്കാരാണ് ശബരിമലയുടെ പേരില്‍ സംസ്ഥാനത്ത് കലാപം ഉണ്ടാവാന്‍ കാരണമെന്ന് ആരോപിച്ച എന്‍എസ്എസിന് രൂക്ഷഭാഷയില്‍ മറുപടിയുമായി സര്‍ക്കാര്‍. എന്‍എസ്എസ് നിലപാട് കലാപ ആഹ്വാനമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരിച്ചടിച്ചു. ആര്‍എസ്എസാണ് സംസ്ഥാനത്ത് സംഘര്‍ഷമുണ്ടാക്കിയതെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും അറിയാമെന്നും മന്ത്രി തുറന്നടിച്ചു. വിശ്വാസവും ഭരണഘടനയും സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും മന്ത്രി പറഞ്ഞു.

കലാപത്തിന് ആഹ്വാനം ചെയ്യുന്നതുപോലെയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയെന്നാണ് മന്ത്രി കുറ്റപ്പെടുത്തിയത്. സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണ്. വസ്തുതകള്‍ മനസിലാക്കാതെയാണ് എന്‍എസ്എസിന്റെ വിമര്‍ശനം. പത്തിനും അന്‍പതിനുമിടയില്‍ പ്രായമുള്ള ഒട്ടേറെ സ്ത്രീകള്‍ ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ടാകാം. അത് തിരിച്ചറിയാനുള്ള സംവിധാനമില്ല. വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അതുപോലെ തന്നെയാണ് ഭരണഘടന സംരക്ഷിക്കാനുള്ള ചുമതലയെന്നും മന്ത്രി പറഞ്ഞു.

അതേസമയം, എന്‍എസ്എസ് ആര്‍എസ്എസിന് ചൂട്ടുപിടിക്കരുത്. എന്‍എസ്എസിന്റെ പ്രസ്താവന നിലവാരമില്ലാത്തതെന്ന് മന്ത്രി ഇപി ജയരാജനും കുറ്റപ്പെടുത്തി. എന്‍എസ്എസ് തെറ്റുതിരുത്തണം. ആര്‍എസ്എസ് ഭീകരപ്രസ്ഥാനമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ, സംസ്ഥാനത്ത് ശബരിമലയുടെ പേരിലുണ്ടായ കലാപത്തിന് കാരണം സര്‍ക്കാരാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തിയിരുന്നു. നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് നിരീശ്വരവാദം നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. വിശ്വാസം സംരക്ഷിക്കാന്‍ വിശ്വാസികള്‍ രംഗത്തിറങ്ങുന്നത് തെറ്റല്ലെന്നും എന്‍എസ്എസ് അഭിപ്രായപ്പെട്ടിരുന്നു.

Exit mobile version