താങ്കളുടെ മിത്ത് എന്റെ സത്യം; കളങ്കമില്ലാത്ത സർവ്വസത്യം; കോടികണക്കിന് മനുഷ്യരുടെ സത്യം; വീട്ടിലെ ഗണേശ വിഗ്രഹങ്ങളുടെ ചിത്രവുമായി സുരേഷ് ഗോപി

കൊച്ചി: സംസ്ഥാനത്ത് മിത്ത് പരാമർശം വലിയ വിവാദം അഴിച്ചുവിട്ടിരുന്നു. നിലവിൽ വിവാദത്തിന് അയവു വന്നിരിക്കെ ചർച്ചകൾ ശക്തമാക്കി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രതികരണം. തന്റെ വിശ്വാസത്തിൽ അടിയുറച്ചു നിൽക്കുന്നുവെന്നും അതാണ് തന്റെ സത്യമെന്നും പറയുന്ന സുരേഷ് ഗോപിയുടെ സോഷ്യൽമീഡിയ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്.

തന്റെ വീട്ടിലുള്ള ഗണേശ വിഗ്രഹങ്ങളുടെയും മ്യൂറൽ പെയിന്റിംഗിന്റെയും ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കിട്ടുകൊണ്ടാണ് സുരേഷ് ഗോപി പ്രതികരിച്ചിരിക്കുന്നത്. ‘താങ്കളുടെ മിത്ത് എന്റെ സത്യം. ആരേയും ഇന്നുവരെ ദ്രോഹിച്ചിട്ടില്ലാത്ത, കളങ്കമില്ലാത്ത, വഞ്ചനയും ദ്രോഹവും ചെയ്യാത്ത സർവ്വസത്യം. എന്റെ വീട്ടിലെ എന്റെ സത്യം. ഞങ്ങളുടെ ജീവിതത്തിലെ ഞങ്ങളുടെ സത്യം കോടികണക്കിന് മനുഷ്യരുടെ സത്യം” – എന്നാണ് സുരേഷ് ഗോപി കുറിച്ചത്.

നേരത്തെ, എറണാകുളം കുന്നത്തുനാട്ടിലെ പരിപാടിക്കിടെ സ്പീക്കർ എഎൻ ഷംസീറിന്റെ പ്രസംഗത്തിനിടെയാണ് മിത്ത് പ്രയോഗം വന്നത്.. ആദ്യത്തെ പ്ലാസ്റ്റിക് സർജറി നടത്തിയത് ഗണപതിക്കാണ് എന്നാണ് സംഘപരിവാർ പ്രചരിപ്പിക്കുന്നതെന്നും ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രതിഷ്ഠിക്കുന്നതിനെ എതിർക്കണം എന്നുമായിരുന്നു ഷംസീറിന്റെ പരാമർശം. ഇത് പിന്നീട് കോൺഗ്രസും ബിജെപി അനുബന്ധ പാർട്ടികളും ഏറ്റെടുത്ത് വലിയ വിവാദമാക്കിയിരുന്നു.

also read- എലിഫന്റ് വിസ്പറേഴ്‌സ് നിർമാതാക്കൾ സഹായിക്കും; രണ്ട് കോടി ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത് ആരാണെന്ന് അറിയില്ല: ബൊമ്മനും ബെല്ലിയും

എഎൻ ഷംസീറിന്റെ ഏക സിവിൽ കോഡ് ചർച്ചയ്ക്കിടെ നടത്തിയ പരാമർശങ്ങളുമായി ചേർത്തായിരുന്നു തുടക്കത്തിൽ വിവാദം ഉണ്ടായത്. ഷംസീറിന്റെ പരാമർശം തിരഞ്ഞെടുപ്പ് ആയുധമാക്കണമെന്ന ബിജെപി അധ്യാക്ഷൻ കെ സുരേന്ദ്രന്റെ പരാമർശവും ഇതിനിടെ ചർച്ചയായി.

അതേസമയം, സ്വന്തം മണ്ഡലത്തിലെ ഗണപതി ക്ഷേത്രക്കുളം നവീകരിക്കാൻ 64 ലക്ഷം രൂപ എഎൻ ഷംസീർ അനുവദിച്ചതും വാർത്തകളിൽ നിറഞ്ഞു. തുക അനുവദിച്ച വിവരം ഷംസിർ തന്നെയാണ് അറിയിച്ചതും.

Exit mobile version