കണ്ണൂര്‍ ശാന്തമാകുന്നു; രണ്ട് ദിവസത്തേക്ക് പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ സിപിഎം-ബിജെപി ധാരണ

യോഗത്തില്‍ പങ്കെടുത്ത സിപിഎം, ബിജെപി നേതാക്കള്‍ ധാരണകള്‍ അംഗീകരിച്ചെന്നാണ് വിവരം

കണ്ണൂര്‍: കണ്ണൂരില്‍ രണ്ട് ദിവസത്തേക്ക് പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ സിപിഎം-ബിജെപി ധാരണ. കളക്ടര്‍ മീര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ സിപിഎം, ബിജെപി നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് തീരുമാനം. യോഗത്തില്‍ പങ്കെടുത്ത സിപിഎം, ബിജെപി നേതാക്കള്‍ ധാരണകള്‍ അംഗീകരിച്ചെന്നാണ് വിവരം.

ജില്ലയില്‍ സമാധാനം ഉറപ്പാക്കാന്‍ എല്ലാ സഹകരണവും നേതാക്കള്‍ ഉറപ്പ് നല്‍കി. യോഗത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ.പി.സഹദേവന്‍, ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്, ജില്ലാ പോലീസ് മേധാവി ജി.ശിവ വിക്രം എന്നിവര്‍ പങ്കെടുത്തു.

ജില്ലയില്‍ വെള്ളിയാഴ്ച രാത്രി വ്യാപകമായ അക്രമമാണ് അരങ്ങേറിയത്. എ.എന്‍.ഷംസീര്‍ എംഎല്‍എ, വി മുരളീധരന്‍ എം.പി, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി.ശശി എന്നിവരുടെ വീടിന് നേരെ ബോംബേറുണ്ടായിരുന്നു. ചെറുതാഴത്ത് ആര്‍എസ്എസ് ഓഫീസിന് തീയിടുകയും ഇരട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേല്‍ക്കുകയും ചെയ്തിരുന്നു.

Exit mobile version