പാഠഭാഗങ്ങൾ എഴുതിയില്ലെന്ന് ആരോപിച്ച് മൂന്നാംക്ലാസുകാരിയെ ചൂരൽ കൊണ്ടടിച്ച് പരിക്കേൽപ്പിച്ചു;അധ്യാപകൻ അറസ്റ്റിൽ

പത്തനംതിട്ട: മൂന്നാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനിയെ ചൂരൽ കൊണ്ട് കൈയിൽ അടിച്ചു പരിക്കേൽപിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. ക്ലാസിൽവെച്ച് എഴുതാൻ നൽകിയ പാഠഭാഗങ്ങൾ എഴുതിയില്ല എന്ന് പറഞ്ഞ് അധ്യാപകൻ ചൂരലിന് കൈയിൽ അടിക്കുകയായിരുന്നു.

ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇടയാറന്മുള എരുമക്കാട് എൽപി സ്‌കൂളിലാണ് സംഭവം. ഈ സ്‌കൂളിലെ അധ്യാപകൻ മെഴുവേലി സ്വദേശി ബിനോജ് കുമാറാണ് അറസ്റ്റിലായത്. പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർഥിനിയെയാണ് പരിക്കേൽപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

അടി കിട്ടിയ കുട്ടി വൈകീട്ട് വീട്ടിലെത്തി ബന്ധുക്കളെ അറിയിച്ചതിനെ തുടർന്ന് കോഴഞ്ചേരി ജില്ല ആശുപത്രിയിൽ ചികിത്സക്ക് കൊണ്ടുപോകുകയും പിന്നീട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

കുട്ടിയെ ദേഹോപദ്രവം ഏൽപിച്ചതിന് ഇന്ത്യൻ ശിക്ഷ നിയമപ്രകാരവും ജുവൈനൽ ജസ്റ്റിസ് പ്രകാരവും കേസ് രജിസ്റ്റർ ചെയ്ത് അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ALSO READ- നരിക്കുനിയിൽ ജ്വല്ലറി കവർച്ചാശ്രമം;പിടിയിലായത് ചാരിറ്റി പ്രവർത്തകൻ നിധിൻ നിലമ്പൂരും കൂട്ടാളികളും

അതേസമയം, മുൻപും ഈ അധ്യാപകൻ കുട്ടിയോട് അതിക്രമം കാട്ടിയിട്ടുണ്ടെന്ന് രക്ഷിതാക്കൾ പറയുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. അഞ്ചു വർഷമായി ബിനോജ് ഈ സ്‌കൂളിലെ അധ്യാപകനാണ്.

Exit mobile version