കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, ഗതികേടുകൊണ്ടാണ്; കുറിപ്പിനൊപ്പം 10 രൂപ നാണയത്തുട്ടും; പെട്രോൾ ഊറ്റിയെടുത്തയാൾ അധ്യാപകന്റെ ബൈക്കിൽ വെച്ച കുറിപ്പ് വൈറൽ

കോഴിക്കോട്: പെട്രോൾ കിട്ടാനില്ലാതെ വഴിമുട്ടിയ അജ്ഞാതൻ സമീപത്തെ ബൈക്കിൽ നിന്നും എണ്ണ ഊറ്റിയെടുത്ത് കുറിച്ചുവെച്ച കുറിപ്പ് വൈറലാകുന്നു. ‘കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, പൊരുത്തപ്പെട്ട് തരിക, ഗതികേട് കൊണ്ടാണ്, ഞങ്ങൾ 10 രൂപ ഇതിൽ വച്ചിട്ടുണ്ട്. പമ്പിൽ എത്താൻ വേണ്ടിയാണ്. പമ്പിൽ നിന്ന് കുപ്പിയിൽ എണ്ണ തരുകയില്ല. അതുകൊണ്ടാണ്’- എന്നെഴുതി വെച്ചാണ് ബൈക്കിൽ നിന്നും അജ്ഞാതൻ എണ്ണ ഊറ്റിക്കൊണ്ടുപോയത്.

ബൈക്കുടമയോട് മാപ്പ് അപേക്ഷിച്ച് അജ്ഞാതൻ എഴുതിയ ഈ കത്ത് പങ്കുവെച്ചത് ചേലേമ്പ്രയിലെ ദേവകി അമ്മ മെമ്മോറിയൽ കോളജ് ഓഫ് ഫാർമസിയിലെ അധ്യാപകനായ അരുൺലാൽ ആണ്. കോഴിക്കോട് ബൈപ്പാസ് റോഡരികിൽ പാർക്ക് ചെയ്ത അരുൺ ലാലിന്റെ ബൈക്കിൽ നിന്നാണ് അജ്ഞാതൻ പെട്രോൾ ഊറ്റിയെടുത്തത്. മാപ്പ് ചോദിച്ചുള്ള കത്തിനൊപ്പം രണ്ട് അഞ്ച് രൂപ നാണയങ്ങളും ബൈക്കിൽ വെച്ചിട്ടുണ്ട്.

ഇതിന്റെ ചിത്രങ്ങൾ സഹിതം അരുൺ ലാൽ ഫേസ്ബുക്കിൽ കുറിപ്പിടുകയായിരുന്നു. തൊണ്ടയാട് പാലത്തിന്റെ താഴെ രാവിലെ നിർത്തിവെച്ച ബൈക്കിൽ നിന്നാണ് ആരോ പെട്രോൾ ഊറ്റിയെടുത്തത്. അരുൺലാൽ വൈകീട്ട് ബൈക്ക് എടുത്ത് വീട്ടിൽ എത്തിയപ്പോഴാണ് മഴക്കോട്ടിന്റെ കവറിൽ നിന്ന് നാണയ തുട്ടുകൾ കിട്ടിയത്. ഒപ്പം ഒരു കുറിപ്പും.

ALSO READ- ഇനി നാൽപത് വർഷത്തെ കാത്തിരിപ്പാണ് അയ്യനെ കാണാൻ; പത്താം പിറന്നാൾ ദിനത്തിൽ ശബരിമലയിലെത്തി ‘മാളികപ്പുറം’ ദേവനന്ദ

‘കൈ നിറയെ ധനം ഉള്ളവനല്ല, മനസ്സ് നിറയെ നന്മയുള്ളവനാണ് സമ്പന്നൻ’ എന്ന വാക്കുകളോടെ അരുൺലാൽ കത്ത് പങ്കുവെക്കുകയായിരുന്നു.

Exit mobile version