സർക്കാരിനായി മത്സ്യകന്യക ശിൽപം നിർമ്മിച്ച് വീടും വസ്തുവും വരെ ജപ്തിയിലായി; ശിൽപി ജോൺസ് കൊല്ലകടവിന്റെ കുടിശിക ഏറ്റെടുത്ത് സുരേഷ് ഗോപി

കായംകുളം: ടൂറിസം വകുപ്പിന് വേണ്ടി ശിൽപം നിർമ്മിക്കാനായി ഇറങ്ങിത്തിരിച്ച് കടക്കെണിയിലായ ശിൽപി ജോൺസ് കൊല്ലകടവിന് കൈത്താങ്ങായി സുരേഷ് ഗോപി. ജോൺസ് കൊല്ലകടവിന്റെ ബാങ്ക് കുടിശിക സുരേഷ് ഗോപി ഏറ്റെടുത്തു. മാധ്യമങ്ങളിൽ വന്ന വാർത്ത തന്നെ ഉലച്ചെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്.

കായംകുളം ടൂറിസം പദ്ധതിയുടെ ഭാഗമായിയാണ് മത്സ്യകന്യക ശിൽപം ശില്പി ജോൺസ് കൊല്ലകടവ് നിർമ്മിച്ചത്. നിർമ്മാണം ആരംഭിച്ച ശിൽപം പൂർത്തിയാക്കാൻ സർക്കാർ കൊടുത്ത പണം തികയാതെ വന്നതോടെ ശില്പി സ്വന്തം വീടും വസ്തുവും പണയം വെച്ച് പണം കണ്ടെത്തുകയായിരുന്നു. ഒടുവിൽ ബാങ്കിൽ നിന്നും വായ്പയെടുത്ത 3 ലക്ഷത്തി 60000 രൂപ കൊണ്ടാണ് ശിൽപി ജോൺസ് കൊല്ലകടവ് നിർമ്മാണം പൂർത്തിയാക്കിയത്.

ശില്പിയ്ക്ക് പണം ഉടൻ നൽകാമെന്ന് സർക്കാർ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ഒടുവിൽ സംസ്ഥാന അവാർഡ് ജേതാവായ ശില്പി യെ തേടിയെത്തിയത് ജപ്തി നോട്ടീസ്. വിഷയം ട്വൻറി ഫോർ വാർത്തയാക്കിയതോടെയാണ് വിഷയത്തിൽ സുരേഷ് ഗോപിയുടെ ഇടപെടൽ. ശിൽപി ജോൺസ് കൊല്ലകടവ് പെരുവഴിയിൽ ആകരുതെന്ന് സുരേഷ് ഗോപി ട്വന്റിഫോറിനോട് പറഞ്ഞു.

വാർത്ത കണ്ടപ്പോഴാണ് ജോൺസന്റെ കാര്യം അറിയുന്നത്. നമ്മുടെ ടൂറിസം പ്രമോഷനും മാനസിക ഉല്ലാസത്തിനും വേണ്ടി ഇത്തരം കേന്ദ്രങ്ങളിലെത്തുന്നവർക്ക് കൗതുകകരമായ കാഴ്ചയൊരുക്കുന്നതിനായി സർക്കാർ ചില കാര്യങ്ങൾ ചെയ്തു.

ALSO READ- ജാതിയുടെ പേരിൽ കലഹിക്കുന്ന രാജ്യത്തെ മികച്ച മാതൃക; എല്ലാവരുടെ വീടുകളിൽ നിന്നും ഭക്ഷണം; ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് പദ്ധതിയെ പ്രശംസിച്ച് ദ ഗാർഡിയൻ

എന്നാൽ അതിലെന്തോ വീഴ്ച പോലെയുണ്ടായി എന്നേ ഞാൻ വിചാരിക്കുന്നുള്ളു. ആ കലാകാരൻ പെരുവഴിയിലാകരുതെന്നേ തീരുമാനിച്ചുള്ളുവെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്.

ഇതിനിടെ, വിഷയം അന്വേഷിച്ചതിന് ശേഷം മറുപടി പറയാമെന്ന് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രതികരിച്ചു.

Exit mobile version